ഹമാസ് നേതാക്കൾ താമസിക്കുന്ന ഖത്തറിലെ കെട്ടിടത്തിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണം അപ്രതീക്ഷിതമായിരുന്നു. നെതന്യാഹുവിന്റെ ഈ നാക്കം ലോകരാജ്യങ്ങളെ ചൊടിപ്പിച്ചിരിക്കുകയാണ്. ഖത്തറിന് ഐക്യദാർഢ്യവുമായി ജിസിസി രാജ്യങ്ങളും എത്തിയതോടെ ഇസ്രയേൽ ഒറ്റപ്പെടുകയാണ്. എന്തിനും ഏതിനും കൂടെ നിന്നിരുന്ന ട്രംപും തലയൂരി.ആക്രമണം ബെഞ്ചമിൻ നെതന്യാഹുവിന്‍റെ മാത്രം തീരുമാനമെന്നാണ് അമേരിക്ക പറഞ്ഞത്. ആക്രമണത്തെ ന്യായീകരിക്കുകയാണ് ഇസ്രയേൽ. തിരിച്ചടിക്ക് സജ്ജരെന്ന ഖത്തർ പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ യുദ്ധ ഭീതിയിലാണ് പശ്ചിമേഷ്യ. സംഭവത്തോടെ അറബ് രാഷ്ട്രം ഇസ്രയേലിനെതിരെ തിരിഞ്ഞിരിക്കുകയാണ്.സ്വന്തം മണ്ണ് സംരക്ഷിക്കാനുള്ള ഏത് നടപടിയെയും പിന്തുണയ്ക്കുമെന്ന് ദോഹയിലെത്തിയ യുഎഇ പ്രസിഡന്‍റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഉറപ്പ് നൽകി. ഇസ്രയേലിന്‍റെ ക്രിമിനൽ നടപടിയാണെന്ന് സൗദി അറേബ്യയും തുറന്നടിച്ചു. ഇസ്രയേലിനെതിരെ യുഎൻ രക്ഷാസമിതിക്ക് കത്ത് അയച്ച ഖത്തർ, മധ്യസ്ഥ ചർച്ചകളിൽ നിന്ന് പൂർണമായി പിന്മാറുമോയെന്നതാണ് ഇനി അറിയേണ്ടത്.ഇസ്രയേൽ ലക്ഷ്യമിട്ടത് ഖത്തറിലുളള ഹമാസ് ഉന്നതരെയാണെങ്കിലും, ഈ ആക്രമണത്തോടെ ഖത്തറിൻ്റെ പരമാധികാരത്തിൻ മേലുള്ള കടന്നു കയറ്റമാണ് യഥാർത്ഥത്തിൽ ഇസ്രയേൽ സേന നടത്തിയിരിക്കുന്നത്.ഹമാസ് നേതാക്കളെ കൊലപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമായതോടെ ഇസ്രയേൽ ആക്രമണത്തിൽ നിന്ന് അകലം പാലിക്കാനുള്ള ശ്രമത്തിലാണ് ഡോണൾഡ് ട്രംപ്. ആക്രമണം ബെഞ്ചമിൻ നെതന്യാഹുവിന്‍റെ മാത്രം തീരുമാനമെന്നും അമേരിക്കയുടെ സഖ്യരാജ്യത്തെ ആക്രമിക്കുന്നത് ഇസ്രയേലിന്‍റെയും യുഎസിന്‍റെയും ലക്ഷ്യങ്ങളെ സഹായിക്കില്ലെന്നും ട്രംപ് പറഞ്ഞു.
















