വാഷിങ്ടണ്‍: വലതുപക്ഷ ആക്ടിവിസ്റ്റും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനുമായ ചാര്‍ലി കിര്‍ക്ക് (31) വെടിയേറ്റ് മരിച്ചു. യൂട്ട വാലി സര്‍വകലാശാലയില്‍ ബുധനാഴ്ച നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. യുവജനസംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സിഇഒയും സഹസ്ഥാപകനും കൂടിയാണ് ചാര്‍ലി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് കൊല്ലപ്പെട്ടത്. ഇന്ത്യക്കെതിരെയും, എച്ച് 1 ബി വീസകൾക്കെതിരെയും കടുത്ത നിലപാട് പ്രചരിപ്പിച്ചിരുന്നു. ഏറെ പ്രചാരമുള്ള പോഡ്‌കാസ്റ്റുകളുടെ അവതാരകനാണ് അദ്ദേഹം. മരണവാര്‍ത്ത ഡൊണാള്‍ഡ് ട്രംപാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്ന് ട്രംപ് പ്രതികരിച്ചു. അമേരിക്കയിലെ യുവാക്കളുടെ ഹൃദയത്തെ ചാര്‍ലിയെക്കാള്‍ മറ്റാര്‍ക്കും നന്നായി മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
വെടിവെച്ചയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇയാള്‍ അല്ല പ്രതിയെന്ന് പോലീസ് അറിയിച്ചു.
















