ജറുസലം: യെമൻ തലസ്ഥാനമായ സനായിൽ ഇസ്രയേൽ ബോംബാക്രമണം. 35 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഹൂതി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വടക്കൻ പ്രവിശ്യയായ അൽ ജൗഫിലാണ് ആക്രമണം നടന്നത്. ഹൂതികളുടെ സൈനികകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് യെമനിലും ആക്രമണം നടത്തിയത്. ഗാസയിൽ ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളിൽ ഇന്നലെ 30 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു.
ഹൂതി കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേല്‍ വാദമെങ്കിലും റെസിഡന്‍ഷ്യല്‍ ഏരികളില്‍ ആക്രമണം നടന്നതായും സാധാരണക്കാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടതായും യെമന്‍ ഭരണകൂടം ആരോപണം ഉന്നയിക്കുന്നുണ്ട്. അല്‍-ജാഫിന്റെ തലസ്ഥാനമായ അല്‍-ഹസ്മിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലും സനയുടെ തെക്ക് പടിഞ്ഞാറുള്ള 60-ാം സ്ട്രീറ്റിലെ ഒരു മെഡിക്കല്‍ ഫെസിലിറ്റിക്ക് നേരെയും ആക്രമണം നടന്നെന്നും യെമന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. സനായിലെയും അല്‍ ജാഫിലെയും ഹൂത്തി സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചു.
ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്താനും വ്യാപാരബന്ധങ്ങൾ ഭാഗികമായി മരവിപ്പിക്കാനും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൻ ഡെർ ലെയൻ ആവശ്യപ്പെട്ടു. മുൻപു നെതന്യാഹുവിനെ പിന്തുണച്ചിരുന്ന നേതാവാണ് ഉർസുല. 27 അംഗ യൂറോപ്യൻ യൂണിയനിൽ പലസ്തീൻ വിഷയത്തിൽ കടുത്ത ഭിന്നതയാണുള്ളത്.
















