പത്തനംതിട്ട: ശബരിമല ശ്രീകോവിലിന് ഇരുവശത്തുമുള്ള ദ്വാരപാലക ശില്പങ്ങളിലെ, അറ്റകുറ്റപ്പണിക്കായി അയച്ച സ്വർണപ്പാളികൾ ഉടൻ തിരികെയെത്തിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ശബരിമല സ്പെഷ്യൽ കമ്മിഷണറെയും ഹൈക്കോടതിയെയും അറിയിക്കാതെ സ്വർണപ്പാളികൾ അഴിച്ചെടുത്ത് ചെന്നൈയിൽ കൊണ്ടുപോയതിൽ നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാനും നിർദേശിച്ചു. ദേവസ്വം കമ്മിഷണർ, എക്സിക്യുട്ടീവ് ഓഫീസർ, തിരുവാഭരണം കമ്മിഷണർ തുടങ്ങിയവരോടാണ് നിർദേശം.
അതേസമയം, ശബരിമല സ്വർണ പാളി കേസിൽ ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയില്‍ പുനഃപരിശോധന ഹർജി നൽകും. അറ്റകുറ്റപ്പണിക്കായി ചെന്നൈയില്‍ കൊണ്ടുപോയ ശില്‍പങ്ങളുടെ സ്വര്‍ണപാളികള്‍ തിരികെ എത്തിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടും. അഡ്വക്കേറ്റ് ജനറൽ കേസിൽ നേരിട്ട് ഹാജർ ആകും. ശ്രീകോവിലിലെ ദ്വാരപാല ശിൽപങ്ങളുടെ സ്വർണ പാളികൾ ചെന്നൈയിലേക്ക് അനുമതി ഇല്ലാതെ കൊണ്ട് പോയതിനാൽ ഉടൻ തിരികെ എത്തിക്കണം എന്ന് ദേവസ്വം ബെഞ്ച് ഉത്തരവ് ഇട്ടിരുന്നു. ഈ ഉത്തരവ് പുനഃപരിശോധിക്കണം എന്നാണ് ഹർജിയിൽ ആവശ്യപെടുക.
















