കുവൈത്തിലെ ആശുപത്രി പാർക്കിംഗ് സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിൽ 382 ലംഘനങ്ങൾ രേഖപ്പെടുത്തി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ്. നിരോധിത മേഖലയിലെ പാർക്കിംഗ് , ഗതാഗത തടസ്സം എന്നിവയാണ് പ്രധാനമായും രേഖപ്പെടുത്തുന്നത്.
199 നിയമലംഘനങ്ങളുമായി ജഹ്‌റ ആശുപത്രിയാണ് പട്ടികയിൽ ഒന്നാമത്. ഫർവാനിയ ആശുപത്രി 67, അൽ അദാൻ ആശുപത്രി 50, അൽ അമിരി ആശുപത്രി 39, ജാബർ ആശുപത്രി 27 എന്നിങ്ങനെയാണ് മറ്റു ആശുപത്രി പരിസരങ്ങളിലെ ലംഘനങ്ങൾ.
വാഹനത്തിന്റെ ഫോട്ടോ എടുത്ത് നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും നിയമലംഘകന് നോട്ടീസ് അയയ്ക്കുകയും ചെയ്യുന്ന “റാസിഡ്” സംവിധാനമാണ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നത്. നിയമലംഘകന് നോട്ടീസ് സഹൽ ആപ്പ് വഴി ലഭിക്കുകയും ചെയ്യും.
ഗതാഗത തടസ്സം സൃഷ്ടിക്കുന്നതും അടിയന്തര മെഡിക്കൽ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുന്നതുമായ നിയമലംഘനങ്ങൾ നിരീക്ഷിക്കുക എന്നതാണ് ട്രാഫിക് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് സുരക്ഷാ വൃത്തങ്ങൾ വിശദീകരിച്ചു.
അശ്രദ്ധമായ പാർക്കിംഗ് നിയന്ത്രിക്കുന്നതിനായി കാമ്പയിനുമായി വിവിധ ഇടങ്ങളിൽ മുന്നോട്ടു പോകുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ലംഘനം ആവർത്തിക്കുന്നവർക്ക് തടവോ സമൂഹ സേവനമോ ലഭിക്കാവുന്ന കർശനമായ ശിക്ഷകളാണ് കാത്തിരിക്കുന്നതെന്നും ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി.
രോഗികൾ, പ്രത്യേക പരിഗണന ആവശ്യമുള്ളവർ, പ്രായമായവർ എന്നിവർക്കായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് തടസ്സപ്പെടുത്തുന്നു.
















