ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണം അപ്രതീക്ഷിതമായിരുന്നു. എന്നാൽ ഇപ്പോഴിതാ വീണ്ടും ആക്രമണം നടത്തുമെന്ന് വെളിപ്പെടുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത് വന്നിരിക്കുതയാണ്. വെടിനിർത്തൽ ധാരണ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കവെ ഹമാസ് പ്രതിനിധികളെ ലക്ഷ്യമിട്ട് ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിലെ കത്താറയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ ഉയരുന്ന വ്യാപക പ്രതിഷേധം പരിഗണിക്കാതെയാണ് ഭീഷണിയുമായി ഇസ്രയേൽ പ്രധാനമന്ത്രി രംഗത്ത് വന്നിരിക്കുന്നത്. ഹമാസ് നേതാക്കളെ പുറത്താക്കിയില്ലെങ്കിൽ വീണ്ടും ഖത്തറിൽ ആക്രമണം നടത്തുമെന്നും ഖത്തറിനോടും തീവ്രവാദികളെ സംരക്ഷിക്കുന്ന എല്ലാ രാജ്യങ്ങളോടുമാണിത് പറയുന്നതെന്നുമാണ് പ്രതികരിക്കുന്നത്.
നെതന്യാഹു പറയുന്നു;
ഖത്തറിനോടും തീവ്രവാദികളെ സംരക്ഷിക്കുന്ന എല്ലാ രാജ്യങ്ങളോടും ഞാൻ പറയുന്നു, ഒന്നുകിൽ നിങ്ങൾ അവരെ പുറത്താക്കുക അല്ലെങ്കിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരിക, കാരണം നിങ്ങൾ അങ്ങനെ ചെയ്തില്ലെങ്കിൽ, ഞങ്ങൾ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും
എന്നാൽ നെതന്യാഹുവിൻ്റെ പ്രസ്താവനയെ ഖത്തർ അപലപിച്ചിട്ടുണ്ട്. ഖത്തറിനെ ലക്ഷ്യമിട്ടുള്ള ഭീരുത്വം നിറഞ്ഞ ആക്രമണത്തെയും ഭാവിയിൽ രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുമെന്ന വ്യക്തമായ ഭീഷണിയെയും ന്യായീകരിക്കാനുള്ള ലജ്ജാകരമായ ശ്രമം എന്നായിരുന്നു നെതന്യാഹുവിൻ്റെ പ്രസ്താവനയോടുള്ള ഖത്തർ വിദേശകാര്യ മന്ത്രാലത്തിൻ്റെ പ്രതികരണം. ഹമാസിൻ്റെ ഓഫീസ് പ്രവർത്തിക്കുന്ന അമേരിക്കയും ഇസ്രയേലും അഭ്യർത്ഥിച്ചത് പ്രകാരമുള്ള ഖത്തറിൻ്റെ മധ്യസ്ഥ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് എന്ന് നെതന്യാഹുവിന് പൂർണ്ണമായും അറിയാമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിനിടെ ഇസ്രയേലിൻ്റെ ആക്രമണം ഭരണകൂട ഭീകരതയാണെന്ന് ഖത്തർ പ്രധാമന്ത്രി വിമർശിച്ചു. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലായിരുന്നു ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽ താനിയുടെ പ്രതികരണം.
ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിലെ കത്താറയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രധാന നേതാക്കളെല്ലാം സുരക്ഷിതരാണെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. ഖത്തറി സുരക്ഷാ ഉദ്യോഗസ്ഥൻ അടക്കം ആറ് പേർ കൊല്ലപ്പെട്ടതായും ഹമാസ് സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ ഖാലിദ് അൽ-ഹയ്യയുടെ മകനും അടുത്ത സഹായിയും ഉൾപ്പെടുന്നതായി ഹമാസ് വ്യക്തമാക്കിയിരുന്നു.
ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയ്ക്ക് സമീപം ആക്രമണം നടത്തിയത് ഇസ്രയേലാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥരീകരിച്ചിരുന്നു. ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇസ്രയേൽ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് വ്യക്തമാക്കുന്നുണ്ട്. ഹമാസ് നേതൃത്വത്തിനെതിരെ ഇന്ന് നടന്ന ഓപ്പറേഷൻ പൂർണ്ണമായും ഇസ്രയേൽ നടത്തിയതാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നത്.
വെടിനിർത്തൽ ചർച്ചകൾക്കായി ഖത്തറിലെത്തിയ ഹമാസ് നേതാക്കളെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്നായിരുന്നു റിപ്പോർട്ട്. ദോഹയ്ക്ക് സമീപമുള്ള കത്താറയിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഖത്തറിൻ്റെ സാംസ്കാരിക കേന്ദ്രം എന്നറിയപ്പെടുന്ന കത്താറയിൽ കറുത്ത പുക ഉയന്നതായിട്ടായിരുന്നു റിപ്പോർട്ട്. ഇസ്രയേലുമായുള്ള വെടിനിർത്തൽ ചർച്ചയ്ക്ക് നേതൃത്വം നൽകുന്നത് ഖലീൽ അൽ ഹയ്യയാണ്.
content highlight: Israel vs Qatar















