തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ വിളിച്ച യോഗം അധ്യാപകരും, വകുപ്പ് ഡീനുമാരും ബഹിഷ്‌കരിച്ചു. തിങ്കളാഴ്ച രാവിലെ സെനറ്റ് ചേമ്പറിലായിരുന്നു യോഗം. 75 പേരിൽ എട്ടുപേർമാത്രമാണ് യോഗത്തിനെത്തിയത്.
എൻഐആർഎഫ് റാങ്കിംഗിൽ നില മെച്ചപ്പെടുത്തിയ സർവകലാശാലയിലെ അക്കാദമിക് ടീമിനെ അനുമോദിക്കാനായിരുന്നു യോഗം. സിപിഐഎം അനുകൂല അധ്യാപക സംഘടന യോഗത്തിൽ പങ്കെടുക്കേണ്ട എന്ന് അംഗങ്ങളെ അറിയിച്ചിരുന്നു.
അതിനിടെ, ഇടഞ്ഞു നിൽക്കുന്ന സർവ്വകലാശാല വിസിമാരെ ആദരിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ക്ഷണവും എത്തി. ദേശീയ റാങ്കിങ്ങിൽ ഇടം നേടിയ സർവ്വകലാശാല വിസിമാരെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ആദരിക്കുന്നത്. കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെയും കാലിക്കറ്റ് സർവകലാശാല വിസി വി. രവീന്ദ്രനെയും ക്ഷണിച്ചിട്ടുണ്ട്.
















