ന്യൂഡൽഹി: ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എഴുപത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുന്ന മോഹൻ ഭാഗവത് വസുധൈവ കുടുംബകത്തിന്റെ പ്രതീകമെന്നും, കഠിനാധ്വാനിയായ സർ സംഘചാലകെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡോ. മോഹൻ ഭാഗവതിൻ്റെ ജന്മദിനത്തിലാണ് പ്രധാനമന്ത്രിയുടെ ആശംസ സന്ദേശം. പ്രത്യയശാസ്ത്രത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത നേതാവാണ് അദ്ദേഹം. സാമൂഹിക പരിഷ്‌കരണത്തിനും ഐക്യത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ആത്മാവ് ശക്തിപ്പെടുത്തുന്നതിനുമായി തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച വ്യക്തിത്വമാണ് മോഹൻ ഭാഗവത് എന്നും മോദി വ്യക്തമാക്കി.
യുവജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ സ്വാഭാവികമായ ഇടപെടൽപോലും ഒരു നല്ല ബന്ധമാണ്. സംഘപരിവാറിലേക്ക് യുവജനങ്ങളെ കേന്ദ്രീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുമുണ്ട്. ആളുകളുമായുള്ള ഇടപെടലും അദ്ദേഹത്തിന്റെ സംഭാഷണങ്ങളും ഇന്നത്തെ ഡിജിറ്റൽ ലോകത്ത് വളരെയധികം ഗുണം ചെയ്തിട്ടു’ണ്ടെന്നും മോദി മോഹൻ ഭാഗവതിനെ കുറിച്ചെഴുതിയ കുറിപ്പിൽ പറയുന്നു.
രാഷ്ട്ര നിർമാണത്തിനായി സ്വയം സമർപ്പിച്ച ആളാണ് അദ്ദേഹമെന്നും മോദി പറഞ്ഞു. രാഷ്ട്ര നിർമാണത്തോടുള്ള മധുകർ റാവുവിന്റെ അഭിനിവേശം വളരെ വലുതായിരുന്നു. അത് അദ്ദേഹത്തിന്റെ പുത്രനായ മോഹൻ ഭാഗവതിനും ലഭിച്ചിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.
















