ഖത്തറിനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ഇസ്രയേലി ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ട് തുരങ്കം വയ്ക്കുന്നതാണ് ആക്രമണമെന്നും വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു. ഖത്തർ എന്ന സഹോദര രാഷ്ട്രം അതിന്റെ സുരക്ഷ, സ്ഥിരത, പരമാധികാരം എന്നിവ നിലനിർത്തുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ സംരക്ഷിക്കുന്നതിനും സ്വീകരിച്ച നടപടികൾക്ക് കുവൈത്ത് പിന്തുണ അറിയിച്ചു.
കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ ഫോണിൽ ബന്ധപ്പെട്ടു. സഹോദര രാഷ്ട്രമായ ഖത്തറിനെതിരായ ഇസ്രയേൽ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു.
















