കൊച്ചി: അധ്യാപകന് അടി കിട്ടിയാലും കുട്ടിയെ തല്ലാൻ പാടില്ലെന്നാണ് നമ്മുടെ നിലപാടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അഞ്ചാലുംമൂടിൽ പ്ലസ്ടു വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ച സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. അധ്യാപകരും വിദ്യാർഥികളും തമ്മിൽതല്ലാനുള്ള സ്ഥലമല്ല ക്യാമ്പസ് എന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥിയെ മർദിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്തതായും വിഷയത്തിൽ കൂടുതൽ പരിശോധന നടത്തി അതിൽ പങ്കാളികളായ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്യാൻ നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി. ആദ്യം കുട്ടിയാണ് അധ്യാപകനെ തല്ലി താഴെയിട്ടത്. പിന്നാലെ അധ്യാപകൻ എഴുന്നേറ്റ് കുട്ടിയെ തല്ലി. അധ്യാപകന് അടി കിട്ടിയാലും കുട്ടിയെ തല്ലാൻ പാടില്ലെന്നാണ് നമ്മുടെ നിലപാടെന്നും മന്ത്രി പറഞ്ഞു.അതേസമയം കെ ടെറ്റ് പാസാകാത്ത എല്ലാ അധ്യാപകരെയും പിരിച്ചുവിടണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കിയാൽ കേരളത്തിൽ വലിയ കെടുതികൾ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കസ്റ്റഡി മർദന വിവാദത്തിലും മന്ത്രി പ്രതികരിച്ചു. നിയമപരമല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നയം. പ്രശ്‌നങ്ങൾ ഊതി പെരുപ്പിച്ച് കാണിക്കുകയാണ്. ചില മാധ്യമങ്ങൾ പ്രതിപക്ഷത്തിന് ഒത്താശ ചെയ്യുകയാണ്. ഏറ്റവും കൂടുതൽ പൊലീസ് മർദ്ദനം നടന്നത് യുഡിഎഫ് കാലത്താണെന്നും ശിവൻകുട്ടി ആരോപിച്ചു.
















