ലോക രാഷ്ട്രങ്ങളെ മുഴുവൻ ഞെട്ടിച്ച് കൊണ്ട് അമേരിക്കൻ മണ്ണിൽ പറന്നിറങ്ങിയ ഭീകരതയ്ക്ക് 24 വർഷം തികയുകയാണ്. 2001 ലെ അൽ-ഖ്വയ്‌ദ വിമാന റാഞ്ചലിൻ്റെ വാർഷികം ആഘോഷിക്കുന്നതിനായി അമേരിക്കയിലുടനീളം ഇന്ന് വിവിധ ചടങ്ങുകളും പരിപാടികളും നടക്കുന്നുണ്ട്.
എന്നാൽ രാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കായുള്ള അനുസ്‌മരണ ചടങ്ങുകൾ രാജ്യത്ത് നടക്കുന്നത്.ട്രംപിന്റെ വിശ്വസ്തൻ കിർക്കിൻ്റെ കൊലപാതകം രാജ്യത്ത് അരക്ഷിതാവസ്ഥയുണ്ടാക്കിയിരിക്കുകയാണ്. അത്കൊണ്ട് തന്നെ 9/11 വാർഷിക ചടങ്ങ് നടക്കുന്ന വേൾഡ് ട്രേഡ് സെൻ്ററില്‍ കനത്ത സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും വ്യാഴാഴ്‌ച വൈകുന്നേരം ചടങ്ങിൽ പങ്കെടുക്കും. സന്നദ്ധസേവനം, ജീവന്‍ പൊലിഞ്ഞവരെ ആദരിക്കല്‍, മറ്റ് പരിപാടികള്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.
ന്യൂയോർക്കിലും പെൻ്റഗണിലും പെൻസിൽവാനിയയിലെ ഷാങ്ക്സ്‌വില്ലെയിലും നടക്കുന്ന അനുസ്‌മരണ ചടങ്ങുകളിൽ കൊല്ലപ്പെട്ട 3,000 ത്തോളം പേരുടെ പ്രിയപ്പെട്ടവർ പങ്കെടുക്കും. കൂടാതെ ട്രംപ് അടക്കമുള്ള വിശിഷ്‌ട വ്യക്തികളും സദസില്‍ ഒപ്പം ചേരും.
വേൾഡ് ട്രേഡ് സെൻ്റര്‍ ആക്രമണത്തിൽ പിതാവിനെ നഷ്‌ടപ്പെട്ട റോബർട്ട് ലിഞ്ചും ചടങ്ങില്‍ പങ്കുചേരുമെന്ന് അറിയിച്ചു. ആക്രമണത്തില്‍ തനിക്ക് ഉണ്ടായ നഷ്‌ടത്തില്‍ ഇന്നും ദുഖിതനാണെന്ന് ലിഞ്ച് കൂട്ടിച്ചേര്‍ത്തു. മാൻഹട്ടനിൽ 9/11 ചാരിറ്റിയുടെ ആഭിമുഖ്യത്തില്‍ 1000ത്തോളം ദരിദ്രർക്കായുള്ള ഭക്ഷണ വിതരണത്തില്‍ താനും അമ്മയും പങ്കാളിയാകുമെന്നും അദ്ദേഹം അറിയിച്ചു.
ലോവർ മാൻഹട്ടനിലെ ഗ്രൗണ്ട് സീറോയിലാണ് ചടങ്ങുകള്‍ നടക്കുന്നത്. വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസും ഭാര്യ ഉഷ വാൻസും പങ്കെടുക്കുന്ന ചടങ്ങിൽ ആക്രമണത്തിന് ഇരയായവരുടെ പേരുകൾ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും മുന്നില്‍ ഉറക്കെ വായിക്കും. മൗനപ്രാർഥനയും ഉണ്ടാകും.
വിർജീനിയയിലെ പെൻ്റഗണിൽ സ്ഥിതിചെയ്യുന്ന യുഎസ് സൈന്യ കേന്ദ്രത്തിലേക്കാണ് ഹൈജാക്കർമാർ ഒരു ജെറ്റ്‌ലൈനർ ഇടിച്ചുകയറ്റിയത്. 184 സർവീസ് അംഗങ്ങളുടെ ജീവന്‍ തല്‍ക്ഷണം പൊലിഞ്ഞു. പെൻസിൽവാനിയയിലെ ഷാങ്ക്സ്‌വില്ലിനടുത്തുള്ള പ്രദേശത്തും ചടങ്ങുകള്‍ നടക്കും. മൗനപ്രാർഥന, പേരുകൾ വായിക്കൽ, പുഷ്‌പങ്ങള്‍ അർപ്പിക്കല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍. ഫ്ലൈറ്റ് 93 ലെ ക്രൂ അംഗങ്ങളെയും സദസില്‍ ആദരിക്കും.
24 വർഷം മുമ്പ് അൽ-ഖ്വയ്‌ദ തീവ്രവാദികളുടെ ആക്രമണത്തിൽ അമേരിക്കയില്‍ 2,977 പേരാണ് കൊല്ലപ്പെട്ടത്. അതിൽ വേൾഡ് ട്രേഡ് സെൻ്ററിലെ നിരവധി സാമ്പത്തിക തൊഴിലാളികളും ജീവൻ രക്ഷിക്കാൻ ശ്രമിച്ച അഗ്നിശമന സേനാംഗങ്ങളും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ആക്രമണങ്ങൾ ആഗോളതലത്തിൽ പ്രതിധ്വനിക്കുകയും അമേരിക്കയ്ക്ക് അകത്തും പുറത്തും യുഎസ് നയത്തിൻ്റെ ഗതിയെ തന്നെ മാറ്റിമറിക്കുകയും ചെയ്‌തു.
ഇത് ഭീകരതയ്‌ക്കെതിരായ ആഗോള യുദ്ധത്തിലേക്ക് അമേരിക്കയെ നയിച്ചു. അഫ്‌ഗാനിസ്ഥാനിലും ഇറാഖിലും യുഎസ് നേതൃത്വത്തിലുള്ള സംഘർഷങ്ങളിലേക്ക് നയിച്ചു. ആക്രമണങ്ങളിൽ ഹൈജാക്കർമാർ മരിച്ചെങ്കിലും ഗൂഢാലോചനയുടെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഖാലിദ് ഷെയ്ഖ് മുഹമ്മദിനെതിരായ ദീർഘകാല നിയമ പോരാട്ടം തുടര്‍ന്നു. മുൻ അൽ-ഖ്വയ്‌ദ നേതാവിനെ 2003 ൽ പാകിസ്ഥാനിൽ അറസ്റ്റ് ചെയ്യുകയും പിന്നീട് ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ ഒരു യുഎസ് സൈനിക താവളത്തിലേക്ക് കൊണ്ടുപോകുകയും ചെയ്‌തു.
മെമ്മോറിയൽ പ്ലാസയുടെയും അതിൻ്റെ ഭൂഗർഭ മ്യൂസിയത്തിൻ്റെയും നിയന്ത്രണം ഫെഡറൽ ഗവൺമെൻ്റ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് ട്രംപ് ഭരണകൂടം ആലോചിച്ച് വരികയാണ്. ഇപ്പോൾ ഇവ നടത്തുന്നത് മുൻ ന്യൂയോർക്ക് സിറ്റി മേയറും ട്രംപിൻ്റെ വിമർശകനുമായ മൈക്കൽ ബ്ലൂംബെർഗ് ആണ്. ഈ സ്ഥലത്തെ ഒരു ദേശീയ സ്‌മാരകമാക്കാൻ സാധ്യതയുണ്ടെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
ന്യൂയോർക്കിലെ നാഷണൽ സെപ്റ്റംബർ 11 എന്ന പേരിലുള്ള മെമ്മോറിയൽ മ്യൂസിയത്തിലാണ് വാർഷിക ചടങ്ങുകളുടെ ഭൂരിഭാഗവും നടക്കാറ്. വെള്ളത്താൽ ചുറ്റപ്പെട്ട രണ്ട് സ്‌മാരകങ്ങളിലും മരിച്ചവരുടെ പേരുകൾ ആലേഖനം ചെയ്‌ത ഭിത്തികള്‍ കാണാന്‍ കഴിയും. ഒരിക്കൽ ഇരട്ട ഗോപുരങ്ങൾ നിലനിന്നിരുന്ന ഇടങ്ങളെ അടയാളപ്പെടുത്തുന്ന സ്ഥലമാണിവിടം.
ആക്രമണങ്ങൾക്ക് ശേഷം മാന്‍ഹട്ടിൻ്റെ ഭാഗങ്ങള്‍ വിഷ പുകയാല്‍ നിറഞ്ഞു. പതിനായിരക്കണക്കിന് ആളുകൾക്ക് ആരോഗ്യ സംരക്ഷണവും നഷ്‌ടപരിഹാരവും നൽകുന്നതിന് യുഎസ് സർക്കാർ കോടിക്കണക്കിന് ഡോളർ ചെലവഴിച്ചു. ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ തിരിച്ചറിയാനായി അമേരിക്ക നടത്തിയ പരിപാടിയില്‍ 140,000-ത്തിലധികം ആളുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു.
















