തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് പി.പി തങ്കച്ചന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദങ്ങളിൽപ്പെടാതെ സൗമ്യപ്രകൃതനായി രാഷ്ട്രയ രംഗത്ത് അദ്ദേഹം നിറഞ്ഞു നിന്നു എന്നും വഹിച്ച സ്ഥാനങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രദേശിക തലത്തിൽ നിന്ന് പടി പടിയായി സംസ്ഥാന നേതൃതലങ്ങളിലേക്ക് ഉയർന്നുവന്ന വ്യക്തിയായിരുന്നു പി.പി തങ്കച്ചനെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവാദങ്ങളിൽപ്പെടാതെ സൗമ്യപ്രകൃതനായി രാഷ്ട്രയ രംഗത്ത് അദ്ദേഹം നിറഞ്ഞു നിന്നു. വഹിച്ച സ്ഥാനങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. മന്ത്രി, നിയമസഭാ സ്പീക്കർ എന്നീ നിലകളിൽ എല്ലാവരെയും ചേർത്തു നിർത്തി മുന്നോട്ട് പോകാൻ അദ്ദേഹത്തിന് സാധിച്ചു. കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ച തങ്കച്ചൻ എല്ലാവരോടും സൗഹൃദം പുലർത്തിയ വ്യക്തിയായിരുന്നു എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പി.പി തങ്കച്ചൻ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അന്തരിച്ചത്. 2004 മുതൽ 2018 വരെ തുടർച്ചയായി 14 വർഷം യുഡിഎഫ് കൺവീനർ ആയിരുന്നു. കെപിസിസിയുടെ മുൻ ആക്ടിംഗ് പ്രസിഡൻ്റ്, എട്ടാം കേരള നിയമസഭയിലെ സ്പീക്കർ, രണ്ടാം എ.കെ.ആൻ്റണി മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
















