ഭൂമിക്കപ്പുറത്തുള്ള ലോകത്തെ കുറിച്ച് നാം എന്നും ചിന്തിക്കാറുണ്ട്. ഭൂമിയിലല്ലാതെ ഏതെങ്കിലും ഗ്രഹത്തിൽ ജീവനുണ്ടോ എന്ന ചോദ്യം വർഷങ്ങളായി ഉയരുന്നതാണ്. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ ഇതിന് ഉത്തരം കണ്ടു പിടിക്കാൻ പലകാലങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. ഇപ്പോഴിതാ നാസയിൽ നിന്നും ആ ഉത്തരത്തിലേക്കുള്ള ഒരു സൂചന ലഭിച്ചിരിക്കുകയാണ്.
ചൊവ്വയിൽ ഒരുകാലത്ത് ജീവൻ ഉണ്ടായിരുന്നിരിക്കാം എന്ന സൂചനയാണ് ഇപ്പോൾ നാസ പുറത്തു വിട്ടിരിക്കുന്നത്. ചൊവ്വയിൽ ജീവൻ നിലനിന്നിരുന്നോ എന്ന നിഗൂഢതയിലേയ്ക്കാണ് നാസയുടെ റോവർ പെർസെവറൻസ് ചുവടുവയ്പ്പ് നടത്തിയിരിക്കുന്നത്. ചൊവ്വയിൽ ഒരു പാറ കണ്ടെത്തിയിരുന്നു. ഇതിൽ ജീവൻ്റെ അടയാളങ്ങളോ തെളിവുകളോ കണ്ടെത്താൻ കഴിഞ്ഞേക്കാമെന്ന് നാസ പറയുന്നു.
‘ചെയാവ ഫോൾസ്’ എന്ന പാറയിൽ പ്രാചീന ജീവൻ്റെ തെളിവുകളായേക്കാവുന്ന അടയാളങ്ങളും ധാതുനിക്ഷേപങ്ങളുമാണു റോവർ കണ്ടെത്തിയതെന്ന് നാസ അറിയിച്ചു. കണ്ടെത്തിയ പാതയിൽ നിന്ന് വേർതിരിച്ചെടുത്ത ‘സഫയർ ക്യാനോൺ’ എന്ന സാമ്പിൾ ഭൂമിയിലേയ്ക്ക് എത്തിച്ചാലേ തുടർ പഠനങ്ങൾക്ക് സാധിക്കുകയുള്ളൂ എന്ന് നാസ പറഞ്ഞു. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് വെള്ളം നിറഞ്ഞിരുന്ന ഉണങ്ങിയ നദീതടമായിരുന്നു ഈ സ്ഥലമെന്നാണ് കണ്ടെത്തൽ.
സൂക്ഷ്‌മാണുക്കൾ സാധാരണയായി ഭൂമിയിൽ രൂപപ്പെടുത്തുന്ന രാസ മൂലകങ്ങളും അടയാളങ്ങളും ചൊവ്വയിലെ വരണ്ട നദീതടത്തിലെ പാറയിൽ ഉണ്ടെന്ന് കണ്ടെത്തിയതായി നാസ പറഞ്ഞു. നഗ്നനേത്രങ്ങൾ കൊണ്ട് ദൃശ്യമല്ലാത്ത ജീവികളാണ് സൂക്ഷ്‌മാണുക്കൾ. എന്നാൽ ഭൂമിയിലെ മനുഷ്യജീവിതത്തിൻ്റെ അടിസ്ഥാനമായി സൂക്ഷ്‌മജീവികളെ കണക്കാക്കുന്നു. നാസയുടെ ‘പെർസെവറൻസ് റോവർ’ 2024 ജൂലൈയിലാണ് ചൊവ്വയിലെ “ബ്രൈറ്റ് ഏഞ്ചൽ ഫോർമേഷൻ”എന്ന പ്രദേശത്ത് പാറ കണ്ടെത്തുന്നത്. ഈ പ്രദേശം നൂറ്റാണ്ടുകൾക്ക് മുൻപ് ഒഴുകിക്കൊണ്ടിരുന്ന നദിയുടെ താഴ്‌വരയാണെന്നും ജലം വളരെ വേഗത്തിൽ ഒഴുകിയിരുന്നു എന്നും നാസ പറയുന്നു.
കണ്ടെത്തിയ പാറയ്ക്ക് 3 അടി നീളവും 2 അടി വീതിയുമുണ്ട് എന്ന് നാസ പറയുന്നു. പുള്ളിപ്പുലിയുടെ പൊട്ടുകൾ പോലെ തോന്നിക്കുന്ന ചില പാടുകളും ചില പ്രത്യേക തരം ധാതുക്കളും പാറയിൽ കണ്ടെത്തിയിട്ടുണ്ട്. ഭൂമിയിലെ ചതുപ്പുനിലങ്ങളിലോ അഴുകിയ വസ്‌തുക്കളുടെ സമീപത്തോ കാണപ്പെടുന്ന ധാതുവാണ് വിവിയനൈറ്റ്. ഇവയുടെ അംശങ്ങൾ പാറയിൽ കണ്ടെത്തിയിട്ടുണ്ട്.
ഭൂമിയിലെ ചിലതരം ബാക്‌ടീരിയകളാണ് ‘ഗ്രെയ്‌ഗൈറ്റ്’ എന്ന ധാതുവിനെ സൃഷ്‌ടിക്കുന്നത്. ചൊവ്വയിൽ ജീവൻ ഉണ്ടായിരുന്നിരിക്കാം അല്ലെങ്കിൽ ജീവൽ പ്രക്രിയ ഉണ്ടായിരുന്നിരിക്കാം എന്നതിൻ്റെ സൂചനയാണ് ഈ ധാതുക്കളുടെ സാന്നിധ്യമെന്ന് നാസ പറയുന്നു. നാസയുടെ പെർസെവറൻസ് റോവറിൽ പാറകൾക്കുള്ളിലേയ്ക്ക് നോക്കാൻ കഴിയുന്ന ചില പ്രത്യേക ഉപകരണങ്ങൾ ഉണ്ട്.
പെർസെവറൻസിൽ സ്ഥാപിച്ചിട്ടുള്ള നിരവധി ഉപകരണങ്ങളിൽ, PIXL, SHERLOC ,എന്നിവയാണ് ഏറ്റവും കൂടുതൽ സംഭാവന നൽകിയത്. PIXL പാറയ്ക്കുള്ളിലെ രാസ മൂലകങ്ങൾ സ്‌കാൻ ചെയ്യുകയും SHERLOC ജൈവവസ്‌തുക്കളെ പകർത്തുകയും ചെയ്യുന്നു. ഉയർന്ന ചൂടിലോ അസിഡിക് അന്തരീക്ഷത്തിലോ രൂപപ്പെടുന്നതുപോലുള്ള ജൈവേതര പ്രക്രിയകളിലൂടെ ഇതെല്ലാം രൂപപ്പെടാമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.
















