ഏഷ്യാ കപ്പിൽ യുഎഇക്കെതിരെ സഞ്ജുവിനെ അഞ്ചാമനായി ഇറക്കിയതിന് പിന്നിൽ ടീം മാനേജ്മെന്റിന് മറ്റൊരു ലക്ഷ്യമുണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ മുൻ താരവും മുൻ സെലക്ഷൻ കമ്മറ്റി തലവനുമായിരുന്ന കെ ശ്രീകാന്ത്. സഞ്ജുവിന്റെ അവസാന അവസരമാണ് ഇത് എന്നാണ് ശ്രീകാന്ത് മുന്നറിയിപ്പ് നൽകുന്നത്.
ശ്രേയസ് അയ്യരുടെ ട്വന്റി20യിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കുകയാണ് സഞ്ജുവിനെ അഞ്ചാമനായി ഇറക്കിയതിലൂടെ ടീം മാനേജ്മെന്റ് ചെയ്യുന്നതെന്ന് ശ്രീകാന്ത് പറഞ്ഞു. അഞ്ചാം നമ്പറില്‍ ഇറങ്ങിയപ്പോള്‍ അഞ്ച് ഇന്നിങ്സിൽ നിന്ന് 62 റണ്‍സ് മാത്രമാണ് സഞ്ജു നേടിയിട്ടുള്ളതെന്ന് ശ്രീകാന്ത് യുട്യൂബ് ചാനലില്‍ പറഞ്ഞു. എന്നാൽ ഓപ്പണറായി ഇറങ്ങി 11 മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറി അടക്കം 522 റണ്‍സ് സഞ്ജു നേടിയത് ശ്രീകാന്ത് ചൂണ്ടിക്കാണിക്കുന്നു.
അഞ്ചാം സ്ഥാനത്ത് സഞ്ജുവിന് തിളങ്ങാനായില്ലെങ്കില്‍ പകരം ശ്രേയസ് അയ്യരെ അവർ ടീമിലെത്തിക്കും. അതിനാൽ അടുത്ത രണ്ടോ മൂന്നോ ഇന്നിങ്സുകൾ സഞ്ജുവിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. അഞ്ചാം നമ്പറില്‍ സഞ്ജു ബാറ്റ് ചെയ്യുന്നതിനെ ഞാന്‍ വ്യക്തിപരമായി അനുകൂലിക്കുന്നില്ല. കാരണം ആ പൊസിഷനിൽ സഞ്ജുവിന് അധികം ബാറ്റ് ചെയ്ത് പരിചയവുമില്ല, ശ്രീകാന്ത് പറഞ്ഞു.
അഞ്ചാമത് ബാറ്റിങ്ങിന് ഇറങ്ങി തിളങ്ങാൻ പറ്റിയില്ലെങ്കിൽ അത് സഞ്ജുവിന്‍റെ ആത്മവിശ്വാസത്തെ ബാധിക്കും. സഞ്ജുവിന് ഞാൻ ഒരു മുന്നറിയിപ്പ് നല്‍കുകയാണ്. ഇത് സഞ്ജുവിന്റെ അവസാന അവസരമാണ്. അടുത്ത രണ്ടോ മൂന്നോ ഇന്നിങ്സിൽ റൺസ് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കില്‍ സഞ്ജു ടീമില്‍ നിന്ന് പുറത്താവും. പകരം ശ്രേയസ് അയ്യര്‍ ആ സ്ഥാനത്ത് എത്തും, ശ്രീകാന്ത് യൂട്യൂബ് ചാനലിൽ പറഞ്ഞു.
















