സ്വകാര്യ സ്കൂൾ അധ്യാപകരുടെ നിയമങ്ങൾ കർശനമാക്കി ദുബായ്. നിയമനവും രാജിയും സംബന്ധിച്ച കാര്യങ്ങളാണ് കർശനമാക്കിയത്. സ്വകാര്യ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്താനും യോഗ്യതയുള്ള അധ്യാപകരാണ് നിയമിക്കപ്പെടുന്നതെന്ന് ഉറപ്പാക്കാനുമാണ് നിയമം കർശനമാക്കിയതെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) വ്യക്തമാക്കി.
സ്കൂൾ അധ്യാപകരുടെ റിക്രൂട്മെന്റിനും ജോലി രാജിവെയ്ക്കുകയോ പിരിച്ചുവിടുകയോ ചെയ്യുന്നതിനും പ്രത്യേക മാനദണ്ഡങ്ങൾ പുറത്തിറക്കി. അധ്യാപകരുടെ റിക്രൂട്മെന്റ്, ഉത്തരവാദിത്തം, പെരുമാറ്റം എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുതിയ നിയമന ഗൈഡ് പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
അറബിക്, ഇസ്‌ലാമിക് സ്റ്റഡീസ് അധ്യാപകർ ഉൾപ്പെടെ എല്ലാ അധ്യാപകർക്കും കെഎച്ച്ഡിഎ നിയമം അനുസരിച്ച് യോഗ്യത വേണം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം/ബിരുദാനന്ദര ബിരുദം, ബന്ധപ്പെട്ട വിഷയത്തിൽ ബിഎഡ്, തൊഴിൽ പരിചയം എന്നിവയാണ് റിക്രൂട്മെന്റിനുള്ള അടിസ്ഥാന യോഗ്യത.
















