ജറുസലേം: ഖത്തറിലെ കടന്നാക്രമണത്തിനെതിരെ ലോകമെങ്ങും പ്രതിഷേധമുയരുന്നതിനിടെ ഭീഷണി തുടർന്ന് ഇസ്രയേൽ. പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കിനെ വിഭജിക്കുന്ന കുടിയേറ്റ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനുള്ള കരാറിൻ്റെ ഒപ്പുവെക്കൽ ചടങ്ങിൽ സംസാരിക്കവെയായിരുന്നു നെതന്യാഹുവിൻ്റെ പ്രഖ്യാപനം.
‘പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല എന്ന വാഗ്ദാനം ഞങ്ങൾ നിറവേറ്റാൻ പോകുന്നു, ഈ സ്ഥലം ഞങ്ങളുടേതാണ്’ എന്നായിരുന്നു ജറുസലേമിൻ്റെ കിഴക്കുള്ള ഇസ്രായേലി കുടിയേറ്റ കേന്ദ്രമായ മാലെ അദുമിമിൽ നടന്ന പരിപാടിയിൽ നെതന്യാഹു വ്യക്തമാക്കിയത്. ആയിരക്കണക്കിന് വീടുകൾ ഇവിടെ ഇനിയും നിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ സംസ്കാരം, ഭൂമി, സുരക്ഷ എന്നിവ സംരക്ഷിക്കും. വെസ്റ്റ് ബാങ്കിലെ ജനസംഖ്യ ഇരട്ടിയായി ഉയർത്തും. വലിയ പല കാര്യങ്ങളും ഇവിടെ സംഭവിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.
ഇസ്രായേലിലെത്തുന്ന കുടിയേറ്റക്കാർക്കായി 3000 വീടുകൾ പുതുതായി നിർമിക്കുന്ന പുതിയ പദ്ധതിയാണ് ഇ1. വെസ്റ്റ് ബാങ്കിലെ മാലെ അഡുമിമിലുള്ള കുടിയേറ്റങ്ങളെ അധിനിവിഷ്ട കിഴക്കൻ ജറൂസലമുമായി ബന്ധിപ്പിക്കുന്ന പദ്ധതി വെസ്റ്റ് ബാങ്കിനെ കിഴക്കൻ ജറൂസലമിൽനിന്ന് പൂർണമായി മുറിച്ചുമാറ്റുന്നതാകും. കിഴക്കൻ ജറൂസലമിലുള്ള ഫലസ്തീനികൾക്ക് വെസ്റ്റ് ബാങ്കിലെത്താൻ ഇതോടെ വഴികളടയും.
കടുത്ത അന്താരാഷ്ട്ര സമ്മർദംമൂലം പതിറ്റാണ്ടുകളായി ഇ-1 കുടിയേറ്റ പദ്ധതി നടപ്പാക്കാനാകാതെ കുരുക്കിലായിരുന്നു. അതിനിടെ, കഴിഞ്ഞ മാർച്ചിൽ തെക്ക്-വടക്കൻ വെസ്റ്റ് ബാങ്കുകളെ ബന്ധിപ്പിച്ച് ഫലസ്തീനികൾക്ക് മാത്രമായി റോഡ് നിർമാണവും ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു. പ്രധാന ഹൈവേയിൽ ഫലസ്തീനികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നതാണ് നീക്കം.
















