ദോഹ: ദോഹ ആക്രമണത്തില്‍ ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ സ്ഥിരീകരണം. ഓപ്പറേഷന്‍ പരാജയപ്പെട്ടുവെന്ന് വിലയിരുത്തല്‍. എന്നാല്‍ ഒന്നോ രണ്ടോ ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും ഇസ്രയേല്‍ വ്യക്തമാക്കുന്നുണ്ട്. ബോംബ് വീഴുന്നതിനു മുമ്പായി ഹമാസ് നേതാക്കള്‍ കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്തേക്ക് നീങ്ങിയിരിക്കാന്‍ സാധ്യതയെന്നാണ് നിഗമനം.
അതേസമയം,ഖത്തർ ആക്രമണത്തിന് ശേഷമുള്ള സാഹചര്യം ചർച്ച ചെയ്യാൻ അറബ് രാജ്യ ഉച്ചകോടി ഞായറാഴ്ച നടക്കും. നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകാനാണ് സാധ്യത. ദോഹയിൽ നടത്തിയ ആക്രമണത്തിലൂടെ ഇസ്രായേൽ ബന്ധിമോചനത്തിന് ഉള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കി എന്ന് ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യമുറപ്പിക്കുന്നതിന്റെ ആദ്യ പടിയായാണ് ഉച്ചകോടിയെ ഖത്തര്‍ കാണുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച ഇസ്രയേലിനെ എങ്ങനെ നേരിടണം എന്നാവും ദോഹയില്‍ ചേരുന്ന അറബ് രാജ്യങ്ങള്‍ ആദ്യം ആലോചിക്കുക.
















