തിരുവനന്തപുരം: സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ് യെച്ചൂരിയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
2006-ൽ നേപ്പാളിൽ രണ്ടാം ജന ആന്ദോളനെ തുടർന്ന് രാജഭരണത്തെ എതിർക്കുന്ന രാഷ്ട്രീയ കക്ഷികൾ തമ്മിൽ ഐക്യമൊരുക്കുന്നതിലും രാജ്യത്തെ ജനാധിപത്യത്തിന്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിലും പ്രധാന പങ്കുവഹിച്ച സീതാറാം യെച്ചൂരിയുടെ ഇടപെടൽ ഓർത്തുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജഭരണത്തിനെതിരെ പ്രക്ഷോഭം നയിച്ച നേപ്പാളിലെ സപ്തകക്ഷി സഖ്യത്തിനും മാവോയിസ്റ്റുകൾക്കും ഇടയിൽ സഹകരണം സാധ്യമാക്കിയതിലും മാവോയിസ്റ്റ് പാർട്ടിയെ ജനാധിപത്യത്തിൻ്റെ പാതയിലേയ്ക്ക് നയിക്കാൻ കഴിഞ്ഞതിലും അദ്ദേഹത്തിന്റെ ഇടപെടലുകൾ അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രശംസയ്ക്കു പാത്രമായതാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
















