സോഷ്യല്‍ മീഡിയയിൽ എങ്ങും വൈറലായി മാറുകയാണ് പുത്തൻ എഐ ഫിഗറൈൻ ഇമേജുകൾ. അതീവ യാഥാർത്ഥ്യമായ 3ഡി രൂപത്തിലുള്ള ഈ ചിത്രങ്ങളാണ് ‘നാനോ ബനാന’ ട്രെൻഡ് എന്ന പേരിൽ വൈറലാകുന്നത്. ഗൂഗിളിന്റെ എഐ അസിസ്റ്റന്റ്, ജെമിനി 2.5 ഫ്ലാഷ് ഇമേജ് ഫീച്ചർ ഉപയോഗിച്ച് സെക്കൻഡുകൾക്കുള്ളിൽ ഇത്തരം ഫിഗറൈൻ ചിത്രങ്ങൾ സൃഷ്ടിക്കാനാകും.
ജെമിനി ഉപയോഗിച്ച് നിർമ്മിക്കുന്ന ആകർഷകമായ 3D രൂപങ്ങളാണ് നാനോ ബനാന ട്രെൻഡിന്റെ ഈ ഇമേജുകൾ. സെലിബ്രിറ്റികളിൽ മുതൽ രാഷ്ട്രീയക്കാർ വരെ പലരും ഇതിനകം തന്നെ സ്വന്തം ‘ഫിഗറൈൻ’ രൂപങ്ങൾ സൃഷ്ടിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ധർ ഇല്ലാതെ തന്നെ സാധാരണ ഉപയോക്താക്കൾക്ക് കാർട്ടൂൺ-സ്റ്റൈൽ പ്രതിമകളോ സ്വന്തം മിനിയേച്ചർ മോഡലുകളോ ഉടൻ സൃഷ്ടിക്കാനാകുന്നതാണ് ഇതിന്റെ പ്രത്യേകത.
അടുത്തിടെയാണ് ഗൂഗിൾ ജെമിനിയിൽ 2.5 ഫ്ലാഷ് ഇമേജ് ഫീച്ചർ അവതരിപ്പിച്ചത്. സാധാരണയായി ‘നാനോ ബനാന’ എന്ന രസകരമായ പേരിലാണ് ഇത് അറിയപ്പെടുന്നത്. നിങ്ങളുടെ സാധാരണ ഫോട്ടോകളെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ 3ഡി മോഡലാക്കി മാറ്റുകയാണ് ഈ എഐ ടൂളിന്റെ കഴിവ്. സാധാരണ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തവും മനോഹരവുമായ രൂപത്തിൽ കാണപ്പെടുന്ന ഇവ പൂർണ്ണമായും സൗജന്യമായി നിർമ്മിക്കാൻ ആകും.
ഇമേജ് എങ്ങനെ സൃഷ്ടിക്കാം?
ആദ്യം ഗൂഗിൾ ജെമിനി ആപ്പ് നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്യണം, അല്ലെങ്കിൽ വെബിൽ നിന്ന് ആക്‌സസ് ചെയ്യാം. ആപ്പിൽ പ്രവേശിച്ച് ഇടതുവശത്ത് കാണുന്ന + ബട്ടൺ അമർത്തി, ഹൈ റെസലൂഷൻ ഫോട്ടോ അപ്‌ലോഡ് ചെയ്യുക. തുടർന്ന് നൽകിയിരിക്കുന്ന മാതൃകയിലൊരു പ്രോംപ്റ്റ് നൽകുക. സെക്കൻഡുകൾക്കുള്ളിൽ 3D ഫിഗറൈൻ മോഡൽ ലഭിക്കും.
ടെക് ലോകത്ത് ചിലരുടെ അഭിപ്രായത്തിൽ, ‘നാനോ ബനാന’ ട്രെൻഡിന്റെ പേരിൽ ആളുകളെ ആകർഷിച്ച്, ഭാവിയിൽ Gemini Nano Banana അപ്‌ഗ്രേഡ് എത്തിക്കാനാണ് ഗൂഗിളിന്റെ തന്ത്രമെന്നുമാണ് സംശയം. എങ്കിലും ഇപ്പോഴത്തെ വൈറൽ തരംഗം, സോഷ്യൽ മീഡിയയിൽ യഥാർത്ഥ്യത നിറഞ്ഞ 3D ഇമേജുകൾക്ക് വലിയ വരവേൽപ്പ് ലഭിച്ചെന്നത് വ്യക്തമാണ്.
















