CPI സംസ്ഥാന കൗണ്‍സിലില്‍ വന്‍ വെട്ടിനിരത്തല്‍. ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി. എഐഎസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍, തിരുവനന്തപുരത്തു നിന്നുള്ള മീനാങ്കല്‍ കുമാര്‍, സോളമന്‍ വെട്ടുകാട് എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴയില്‍ നടന്ന സിപിഐ സംസ്ഥാന സമ്മേളനത്തിലാണ് പുതിയ കമ്മിറ്റിയില്‍ വന്‍ വെട്ടിനിരത്തല്‍ ഉണ്ടായിട്ടുള്ളത്.
കൊല്ലത്തു നിന്നുള്ള ജി എസ് ജയലാല്‍ എംഎല്‍എയെ ഇത്തവണയും സംസ്ഥാന കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൊല്ലത്തെ സഹകരണ ആശുപത്രിയുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്നാണ് കഴിഞ്ഞ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിനു മുമ്പ് ജയലാല്‍ സംസ്ഥാന കൗണ്‍സിലില്‍ നിന്നും പുറത്താകുന്നത്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലും ജയലാലിനെ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
സംസ്ഥാന കൗണ്‍സിലിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കാനും സംസ്ഥാന സമ്മേളനം തീരുമാനിച്ചു. 100 ആയിരുന്നത് 103 ആയിട്ടാണ് വര്‍ധിപ്പിച്ചത്. എക്സിക്യൂട്ടിവ് അംഗസംഖ്യ 15 ല്‍ നിന്നും 16 ആക്കി.
എറണാകുളം ജില്ലയില്‍ നിന്നും കെ എന്‍ സുഗതന്‍ സംസ്ഥാന കൗണ്‍സിലില്‍ ഇടംനേടി. ബാബുപോലിനെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പി കെ രാജേഷ് കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമാകും. മിക്ക ജില്ലകളില്‍ നിന്നും നിരവധി പുതുമുഖങ്ങള്‍ സംസ്ഥാന കൗണ്‍സിലില്‍ ഇടംനേടിയിട്ടുണ്ട്.
















