കൊച്ചി: പുൽപ്പള്ളി വ്യാജക്കേസിൽ ആരോപണവിധേയനായ മുള്ളൻകൊല്ലി പഞ്ചായത്ത് വാർഡ് മെമ്പർ ജോസ് നെല്ലേടത്തിന്റെ മരണത്തിന് പിന്നാലെ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
കേസിൽ കുടുങ്ങിയ തങ്കച്ചൻ അഗസ്റ്റിൻ ജോസ് നെല്ലേടത്തിനെതിരെ പരാതി നൽകിയതായി അറിയില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. അദ്ദേഹം ആരോപണ വിധേയനാണോ എന്ന് തനിക്കറിയില്ല. തങ്കച്ചൻ നൽകിയ പരാതിയിൽ ആരുടെയും പേരില്ലെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
കേസിൽ തങ്കച്ചൻ നിരപരാധിയാണ്. പരാതിയായി ലഭിച്ച ഫോണ്‍കോള്‍ എവിടെനിന്നാണെന്ന് പോലും അന്വേഷിക്കാതെയാണ് അദ്ദേഹത്തിനെതിരെ പൊലീസ് നടപടി എടുത്തതെന്നും സണ്ണി ജോസഫ് ആരോപിച്ചു. ഒരു വീടിന്റെ കാർ പോർച്ചിൽ വ്യാജമദ്യമുണ്ടെന്ന് പൊലീസിന് സന്ദേശം ലഭിക്കുകയായിരുന്നു.
ബുദ്ധിയുള്ള ഒരു പൊലീസാണെങ്കിൽ ആ സന്ദേശത്തിന് പിന്നിൽ ആരാണെന്ന് അന്വേഷിക്കില്ലേ?. പരാതിക്കാരൻ ആരാണെന്ന് വിലയിരുത്താതെയാണ് പൊലീസ് തങ്കച്ചനെ അറസ്റ്റ് ചെയ്തത്. പരാതിക്കാരനെയാണ് ആദ്യം പിടിക്കേണ്ടിയിരുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
















