ടീ ബാഗ് എളുപ്പത്തിൽ ചായ തയ്യാറാക്കാൻ സഹായിക്കുന്ന ഒന്നാണെന്ന് നമുക്ക് അറിയാം. എന്നാൽ ഒരു തവണ ഉപയോഗിച്ചതിന് ശേഷം ഇത് വേസ്റ്റ് ബിന്നിൽ കളയുകയാണ് പലരും ചെയ്യുന്നത്. എന്നാൽ, ചിലർ ഒരു ടീ ബാഗിനെ കൊണ്ട് ഒന്നിലധികം തവണ ചായ തയ്യാറാക്കാനും ഉപയോഗിക്കും. എന്നാൽ, ഉപയോഗിച്ച ടീ ബാഗിന് ഇതിലേറെ ചെയ്യാനുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ
നിങ്ങൾ ചെടികളെയും പൂക്കളെയും സ്നേഹിക്കുന്ന ഒരാളാണെങ്കിൽ ഉപയോഗം കഴിഞ്ഞ ടീ ബാഗ് വലിച്ചെറിയാൻ വരട്ടെ! ഇവ പൂന്തോട്ടത്തിൽ ബേസ് ലെയറായി നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ഇവ വിപണിയിൽ നിന്ന് വാങ്ങുന്ന കളനാശിനികൾക്ക് പകരം വയ്ക്കാൻ ആകില്ലെങ്കിലും ഇവ കളകളെ താൽക്കാലികമായി ഇല്ലാതാക്കാൻ സഹായിക്കും.
പോഷകങ്ങൾ നൽകി മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. ഇത് ചെടികളെ ആരോഗ്യത്തോടെ വളരാൻ സഹായിക്കും. പ്രാണികളെയും എലികളെയും പൂന്തോട്ടങ്ങളിൽ നിന്ന് അകറ്റി നിർത്താനും ടീ ബാഗുകൾ ഫലപ്രദമാണ്. പ്രാണികൾ, എലികൾ എന്നീ ജീവികളുടെ ശല്യം കൂടുതലായി നേരിടുന്ന ചെടികൾക്ക് സമീപം ടീ ബാഗുകൾ നിക്ഷേപിക്കുന്നത് ഇവയെ അകറ്റി നിർത്താൻ സഹായിക്കും.
വീടിനുള്ളിലെ ദുർഗന്ധം തങ്ങി നിൽക്കുന്ന ഇടങ്ങളിൽ ടീ ബാഗ് നിക്ഷേപിക്കുന്നത് ദുർഗന്ധം അകറ്റാൻ സഹായിക്കും. ഇതിനായി ഉപയോഗിച്ച ടീ ബാഗുകൾ ഉണക്കിയെടുത്ത് ഷൂസ്, ഫ്രിഡ്ജ്, അലമാര, വേസ്റ്റ് ബിൻ തുടങ്ങിയ ഇടങ്ങളിൽ നിക്ഷേപിക്കാവുന്നതാണ്. ഇവിടങ്ങളിലുള്ള അമിത ദുർഗന്ധം ടീ ബാഗ് വലിച്ചെടുക്കും. ഇതുവഴി വീടിനുള്ളിൽ ദുർഗന്ധം ഇല്ലാതാക്കാൻ സാധിക്കും.
ചെടികളും തൈകളും മുളപ്പിച്ച് എടുക്കുന്നതിന് ടീ ബാഗുകൾ നല്ലതാണ്. ഇതിനായി ടീ ബാഗിന്റെ ഒരു ഭാഗം തുറന്ന് ഇതിലെ പൊടി നനച്ച് വിത്ത് ഇട്ട് കൊടുക്കാം. ഇതിൽ നനവ് നിലനിർത്തേണ്ടത് അത്യാവശ്യമാണ്. തുടർന്ന് ഇത് വെയിൽ ലഭിക്കുന്ന ഇടത്തേക്ക് മാറ്റി വയ്ക്കാം. തൈ ആരോഗ്യത്തോടെ കിളിർക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. മാറ്റി നടാൻ പാകമാകുന്ന സമയത്ത് ഇവ ചെടിച്ചട്ടികളിലേക്കോ മണ്ണിലേക്കോ ഈ ടീ ബാഗിന് ഒപ്പം തന്നെ മാറ്റി നടാവുന്നതാണ്.
















