ചൈനീസ് നടനും ഗായകനുമായ അലൻ യു മെങ്‌ലോംഗ് തലസ്ഥാന നഗരത്തിലെ കെട്ടിടത്തിൽനിന്ന് വീണുമരിച്ചു. 37 വയസ്സായിരുന്നു. വ്യാഴാഴ്ചയാണ് സംഭവം. അഭിനയത്തിന് പുറമെ, യു ഒരു മ്യൂസിക് വീഡിയോ സംവിധായകനായും അലൻ പ്രവർത്തിച്ചിട്ടുണ്ട്.
അലന്റെ മരണം അദ്ദേഹത്തിന്റെ മാനേജ്മെന്റ് ടീം വെയ്ബോയിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി.അലൻ്റെ മരണവാർത്ത ആരാധകരിലും സഹപ്രവർത്തകരിലും ഒരുപോലെ ഞെട്ടലുണ്ടാക്കി. ബഹുമുഖ പ്രതിഭയുടെ അപ്രതീക്ഷിത വിയോഗത്തിൽ സിനിമാ ലോകം ഒന്നടങ്കം ദുഃഖം രേഖപ്പെടുത്തി.
2007-ൽ ‘മൈ ഷോ, മൈ സ്റ്റൈൽ’ എന്ന ടാലന്റ് റിയാലിറ്റി ഷോയിൽ പങ്കെടുത്തുകൊണ്ടാണ് യു മെങ്‌ലോംഗ് തൻ്റെ കരിയർ ആരംഭിച്ചത്. പിന്നീട് 2011-ൽ ‘ദി ലിറ്റിൽ പ്രിൻസ്’ എന്ന ഹ്രസ്വചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നു. ‘ഗോ പ്രിൻസസ് ഗോ’, ‘ലവ് ഗെയിം ഇൻ ഈസ്റ്റേൺ ഫാന്റസി’, ‘ഫ്യൂഡ്’, ‘എറ്റേണൽ ലവ്’ എന്നിവയുൾപ്പെടെ നിരവധി ചൈനീസ് പരമ്പരകളിൽ അദ്ദേഹം അഭിനയിച്ചു. നിരവധി സംഗീത വീഡിയോകളും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.’ദി മൂൺ ബ്രൈറ്റൻസ് ഫോർ യു’ എന്ന ചിത്രത്തിലെ ‘ലിൻ ഫാംഗ്’ എന്ന കഥാപാത്രത്തിലൂടെ അലൻ നിരവധി ആരാധകരെ സ്വന്തമാക്കി.
















