മലയാളി പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് സുഹാസിനി. മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമാറ്റോഗ്രഫി പഠിച്ചിറങ്ങിയ സുഹാസിനി ടെക്‌നീഷ്യന്‍ ആയി പ്രവര്‍ത്തിച്ചാണ് സിനിമയിലെത്തുന്നത്. ഇപ്പോഴിതാ കൂടെവിടെ എന്ന സിനിമയെ കുറിച്ചും മലയാള സിനിമയിലേക്ക് എത്താന്‍ ഉണ്ടായ കാരണങ്ങളെ കുറിച്ചും സംസാരിക്കുകയാണ് സുഹാസിനി. സഭ ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സുഹാസിനി മനസ്തുറന്നത്.
സുഹാസിനിയുടെ വാക്കുകള്‍……..
‘സുകുമാരി ചേച്ചിയില്‍ നിന്നാണ് എനിക്ക് കൂടെവിടെ എന്ന സിനിമ കിട്ടുന്നത്. അവരും ഞാനും ഒന്നിച്ച് തമിഴ് സിനിമയില്‍ അഭിനയിച്ചിരുന്നു. അതില്‍ സുകുമാരി ചേച്ചിയുടേത് ഭയങ്കര നെഗറ്റീവ് കഥാപാത്രമായിരുന്നു. എന്നെ തല്ലുകയൊക്കെ ചെയ്യുന്ന വളരെ വയലന്റ് ആയിട്ടുള്ള കഥാപാത്രമായിരുന്നു ആ ചിത്രത്തില്‍, പക്ഷേ റിയല്‍ ലൈഫില്‍ എനിക്ക് ദൈവതുല്യമായ ഒരമ്മയായിരുന്നു സുകുമാരി ചേച്ചി.
‘നീ എന്താണ് മലയാള സിനിമയില്‍ അഭിനയിക്കാത്തതെന്ന്’ ഒരു ദിവസം അവരെന്നോട് ചോദിച്ചു. എനിക്ക് മലയാളം അറിയില്ല അവിടുത്തെ സംസ്‌കാരം അറിയില്ല എന്നാണ് ഞാന്‍ പറഞ്ഞത്. നല്ലൊരു പ്രൊജക്ട് വരുമ്പോള്‍ എന്നോട് പറയാമെന്നാണ് അവര്‍ പറഞ്ഞത്. അങ്ങനെ ഒരു ആറ് മാസത്തിനുള്ളില്‍ നിര്‍മാതാവ് പ്രേം പ്രകാശ് വീട്ടില്‍ വന്നു. പത്മരാജനെക്കുറിച്ച് പറഞ്ഞു, മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍ എന്നൊക്കെ പറഞ്ഞു. മലയാളത്തിലേക്ക് ഞാന്‍ ചുവടു വയ്ക്കുമ്പോള്‍ എനിക്കൊന്നും അറിയില്ലായിരുന്നു.
ഞാന്‍ അഭിനയിച്ചിട്ടുള്ള ഹീറോകളില്‍ ഏറ്റവും മാന്യനായ, ഏറ്റവും ജെന്റില്‍ ആയിട്ടുള്ള വ്യക്തി മമ്മൂട്ടിയാണ്. എന്റെ ഏറ്റവും നല്ല സഹതാരവും മമ്മൂട്ടിയാണ്. റിയല്‍ ലൈഫിനോട് ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുക എന്നത് ഇപ്പോഴും മമ്മൂട്ടിയുടെ ചോയ്‌സ് ആയിരുന്നു.’
















