ഇന്ത്യയിലെ അര്‍ബുദകേസുകളില്‍ പൊതുവായി കാണുന്ന അര്‍ബുദമാണ് കുടലിനെ ബാധിക്കുന്ന കോളന്‍ കാന്‍സര്‍. വയറുവേദന അല്ലെങ്കിൽ മലബന്ധം, മലവിസർജ്ജന ശീലങ്ങളിൽ മാറ്റങ്ങൾ, മലത്തിൽ രക്തം കാണുന്നത്, ക്ഷീണം, തലകറക്കം, വിളറിയ ചർമ്മം തുടങ്ങിയ വിളർച്ചയുടെ ലക്ഷണങ്ങൾ എല്ലാം കോളൻ കാൻസറിന്റേതാകാം.
1. വയറ്റില്‍ നിന്ന് പോകുമ്പോൾ നിരന്തര വേദന
വയറിലോ അടിവയറ്റിലോ കുടലിന്‍റെ ഭാഗത്തോ ഒക്കെ വരുന്ന വേദന കോളോറെക്ടല്‍ അര്‍ബുദ ലക്ഷണമാണ്. കുടലില്‍ മുഴകളുണ്ടായി മലം കടന്ന് പോകാനാവാത്ത അവസ്ഥ വരുന്നതാണ് വേദനയ്ക്ക് കാരണമാകുന്നത്.
2. രക്തസ്രാവം
വയറ്റില്‍ നിന്ന് പോകുമ്പോൾ സ്ഥിരം രക്തസ്രാവം ഉണ്ടാകുന്നതും അര്‍ബുദ ലക്ഷണമാണ്. ഇത്തരം ലക്ഷണങ്ങള്‍ അവഗണിക്കാതെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
3. അതിസാരം
അതിസാരം പല രോഗങ്ങളുടെയും ഭാഗമായി പ്രത്യക്ഷപ്പെടാം. എന്നാല്‍ രോഗികളില്‍ ക്ഷീണമുണ്ടാക്കുന്ന തരം വിട്ടുമാറാത്ത അതിസാരം അര്‍ബുദത്തിന്‍റെ സൂചന നൽകുന്നു.
4. മലബന്ധം
കുടലിലുണ്ടാകുന്ന മുഴകള്‍ മലത്തിന്‍റെ സ്വാഭാവികമായ നീക്കത്തെ തടസ്സപ്പെടുത്തുകയും മലബന്ധത്തിന് കാരണമാകുകയും ചെയ്യുന്നു. ഇതും കോളോണ്‍ അര്‍ബുദത്തിന്‍റെ പ്രാഥമിക ലക്ഷണങ്ങളില്‍ ഒന്നാണ്.
5. വീതി കുറഞ്ഞ മലം
ഒരു പേനയുടെയോ സ്റ്റിക്കിന്‍റെയോ അത്ര വീതി കുറഞ്ഞ മലവും വന്‍കുടലിലെ ബ്ലോക്കിന്‍റെ ലക്ഷണമാണ്. എന്നാല്‍ ഈ രോഗലക്ഷണവും അമിതമായ ഫാസ്റ്റ് ഫുഡ് തീറ്റയുടെയും അലസ ജീവിതശൈലിയുടെയും ഫലമായി ഉണ്ടാകുന്നതാണെന്ന് കരുതി പലരും അവഗണിക്കാറുണ്ട്.
6. വയറ്റില്‍ നിന്ന് പോയിട്ടും അസ്വസ്ഥത
കുടലിലെ അര്‍ബുദ മുഴകള്‍ ചിലര്‍ക്ക് വയറ്റില്‍ നിന്ന് പോയിട്ടും വയര്‍ പൂര്‍ണമായും ഒഴിഞ്ഞ തോന്നല്‍ നല്‍കില്ല. ഇത് മൂലം എപ്പോഴും വയറ്റില്‍ നിന്ന് പോകണമെന്നുള്ള തോന്നല്‍ ഉണ്ടാകും. ടെനസ്മസ് എന്നാണ് അസ്വസ്ഥകരമായ ഈ തോന്നലിനെ വിളിക്കുന്നത്.
സാധാരണ 50 വയസ്സിന് മുകളിലുള്ളവരെ ബാധിക്കുന്ന കോളന്‍ കാന്‍സര്‍ ഇപ്പോള്‍ ജീവിതശൈലി മാറ്റങ്ങളുടെയും മറ്റും ഭാഗമായി യുവാക്കളിലും കണ്ടു വരുന്നുണ്ട്. മലദ്വാരത്തിലൂടെ ഒരു ട്യൂബ് കയറ്റി വിട്ടുള്ള കൊളോണോസ്കോപ്പി പരിശോധന വഴിയാണ് കോളന്‍ അര്‍ബുദം കണ്ടെത്തുന്നത്.
എന്നാല്‍ ആദ്യ ഘട്ടങ്ങളില്‍ തന്നെ ഈ അര്‍ബുദം കണ്ടെത്താന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. ബിസിഎ എന്നാണ് ഈ ലക്ഷണങ്ങളെ ചുരുക്കത്തില്‍ പറയുന്നത്. ഇതിലെ ‘ബി’ ബ്ലീഡിങ് അഥവാ രക്തസ്രാവത്തെ കുറിക്കുന്നു. മലദ്വാരത്തിലൂടെ രക്തമൊഴുകുന്നത് ഈ അര്‍ബുദത്തിന്‍റെ ഒരു ലക്ഷണമാണ്. ഇതിനാല്‍ എപ്പോഴും മലവിസര്‍ജനം നടത്തിയ ശേഷം രക്തത്തിന്‍റെ സാന്നിധ്യം മലത്തിലുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. വയറ്റില്‍ നിന്ന് പോകുന്നതില്‍ എന്തെങ്കിലും മാറ്റം അഥവാ ചേഞ്ച് വരുന്നുണ്ടോ എന്നതിനെ കുറിക്കുന്നതാണ് ‘സി’. മൂന്ന് നാലാഴ്ചകളോളം മലവിസര്‍ജ്ജനത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ തുടര്‍ച്ചയായി കണ്ടെത്തിയാല്‍ കാര്യങ്ങള്‍ പന്തിയല്ലെന്ന് മനസ്സിലാക്കാം.
അബ്ഡോമിനല്‍ പെയിന്‍ അഥവാ വയര്‍ വേദനയെ കുറിക്കുന്നതാണ് ‘എ’. ഇതിനൊപ്പം അതികഠിനമായ ക്ഷീണവും വയറില്‍ മുഴ പോലത്തെ തോന്നലും വരും. ഈ ലക്ഷണങ്ങളെല്ലാം മൂന്നാഴ്ചയില്‍ കൂടുതല്‍ നീണ്ടു നിന്നാല്‍ ഡോക്ടറെ കാണാന്‍ വൈകരുത്. കാരണമില്ലാത്ത ഭാരനഷ്ടത്തിനും കോളന്‍ അര്‍ബുദം വഴിവയ്ക്കും. പ്രത്യേകിച്ച് ഭക്ഷണനിയന്ത്രണമോ വ്യായാമമോ കൂടാതെ തന്നെ ഭാരം കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അതും കോളന്‍ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളിലൊന്നായി എടുക്കണം. ഈ അര്‍ബുദബാധിതരില്‍ മലവിസര്‍ജ്ജനത്തിന് ശേഷവും വയര്‍ പൂര്‍ണമായും ഒഴിഞ്ഞതായ തോന്നല്‍ ഉണ്ടാവുകയില്ല.
കുടലിലെ അര്‍ബുദം കണ്ടെത്തുന്നതിനുള്ള രക്തപരിശോധന വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ യുകെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ റിസര്‍ച്ചില്‍ നടക്കുന്നുണ്ട്. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം പോലുള്ള രോഗങ്ങള്‍ ഉള്ളവരില്‍ ഈ രക്തപരിശോധനയിലൂടെ നേരത്തെ അര്‍ബുദ രോഗനിര്‍ണയം നടത്താന്‍ സാധിച്ചേക്കും.
















