വലിച്ചെറിയുന്ന മത്തങ്ങാ കുരുവിൽ ധാരാളം ആരോഗ്യഗുണങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്. ദിവസവും അഞ്ച് മത്തങ്ങാക്കുരു കുതിർത്ത് കഴിക്കുന്നതു വഴി ലഭിക്കുന്നത് നിരവധി ഗുണങ്ങളാണ് ശരീരത്തിന് നൽകുന്നത്. എല്ലുകളെ ശക്തിപ്പെടുത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മത്തങ്ങാക്കുരു സഹായിക്കുന്നു.
രോഗപ്രതിരോധശക്തി വർധിപ്പിക്കും
പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന ധാതുവായ സിങ്ക് മത്തങ്ങാക്കുരുവിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അണുബാധകളെ പ്രതിരോധിക്കാൻ ശ്വേതരക്താണുക്കളെ സിങ്ക് കൂടുതൽ ഫലപ്രദമായി സഹായിക്കും. സമീകൃതഭക്ഷണത്തോടൊപ്പം ദിവസവും ഒരുപിടി മത്തങ്ങാക്കുരു കഴിക്കുന്നത് രോഗപ്രതിരോധശക്തി വർധിപ്പിക്കും.
മെച്ചപ്പെട്ട ഹൃദയാരോഗ്യം
മത്തങ്ങാക്കുരുവിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയമിടിപ്പിന്റെ നിരക്ക് നിയന്ത്രിക്കുകയും രക്തസമ്മർദം കൂടാതെ കാക്കുകയും ചെയ്യും. ദിവസവും മത്തങ്ങാക്കുരു കഴിക്കുന്നതു വഴി ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാൻ സാധിക്കും.
മനസ്സിനെ ശാന്തമാക്കുന്നു
മത്തങ്ങാക്കുരുവിൽ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്. ഇതിനെ ശരീരം സെറോടോണിൻ ആയി മാറ്റുന്നു. ചെറിയ അളവ് പോലും സമ്മർദവും ഉത്കണ്ഠയും അകറ്റാൻ സഹായിക്കും എന്ന് പഠനങ്ങൾ പറയുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
മത്തങ്ങാക്കുരുവിൽ അടങ്ങിയ മഗ്നീഷ്യം ഇൻസുലിൻ നിയന്ത്രിക്കുന്നതിൽ ഒരു പങ്കു വഹിക്കുന്നു. പതിവായി മത്തങ്ങാക്കുരു കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നിലനിർത്താൻ സഹായിക്കും. ആരോഗ്യകരമായ ശീലങ്ങളോടൊപ്പം മത്തങ്ങാക്കുരുവും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യത്യാസം വരാതിരിക്കാൻ സഹായിക്കും.
എല്ലുകളെ ശക്തിപ്പെടുത്തുന്നു
എല്ലുകൾക്ക് ശക്തിയേകാൻ മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ ആവശ്യമാണ്. കുതിർത്ത മത്തങ്ങാക്കുരുവിൽ ഇവ രണ്ടുമുണ്ട്. അഞ്ച് മത്തങ്ങാക്കുരു കഴിച്ചതുകൊണ്ട് ഒരു രാത്രി കൊണ്ട് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടില്ല. മറിച്ച് തുടർച്ചയായി ദിവസവും ഇത് കഴിക്കുന്നത് വഴി എല്ലുകൾക്ക് ശക്തിയും സംരക്ഷണവും ലഭിക്കും.
ദഹനം മെച്ചപ്പെടുത്തും
കുതിർത്ത വിത്തുകൾ ദഹിക്കാൻ എളുപ്പമാണ്. ചെറിയ അളവിൽ നാരുകളും ഇവയിലുണ്ട്. ഇത് ദഹനം എളുപ്പമാക്കുകയും ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
കണ്ണുകൾക്കും ചർമത്തിനും സംരക്ഷണമേകുന്നു
വൈറ്റമിൻ ഇ പോലുള്ള ആന്റിഓക്സിഡന്റുകൾ മത്തങ്ങാക്കുരുവിലുണ്ട്. ഫ്രീറാഡിക്കലുകൾ ഉണ്ടാക്കുന്ന ക്ഷതങ്ങളെ കുറയ്ക്കാനും പ്രായമാകലിന്റെ ലക്ഷണങ്ങളിൽ നിന്ന് ചർമത്തെയും ഓക്സീകരണ സമ്മർദത്തില്‍ നിന്ന് കണ്ണുകളെയും സംരക്ഷിക്കാനും ഈ സംയുക്തങ്ങൾ സഹായിക്കുന്നു. പതിവായി മത്തങ്ങാക്കുരു കഴിക്കുന്നത് ചർമത്തിന്റെയും കണ്ണുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തും.
പുരുഷന്മാരിലെ പ്രത്യുൽപാദനാരോഗ്യം മെച്ചപ്പെടുത്തും
സിങ്ക് ധാരാളം അടങ്ങിയതിനാൽ പ്രോസ്റ്റേറ്റിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ മത്തങ്ങാക്കുരുവിന് കഴിയും. ചെറിയ അളവിൽ പോലും മത്തങ്ങാക്കുരു ദിവസവും കഴിക്കുന്നത് പുരുഷന്മാരിൽ പ്രത്യുൽപാദനാരോഗ്യം മെച്ചപ്പെടുത്തും.
ശരീരഭാരം കുറയ്ക്കുന്നു
ചെറുതെങ്കിലും മത്തങ്ങാക്കുരുവിൽ ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. കുതിർത്ത മത്തങ്ങാക്കുരു ഭക്ഷണത്തിന് മുൻപും ശേഷവും കഴിക്കുന്നത് അനാവശ്യമായി ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കുന്ന ശീലം ഇല്ലാതാക്കും. മത്തങ്ങാക്കുരു കഴിച്ചയുടൻ ശരീരഭാരം കുറയില്ല. മറിച്ച് ആരോഗ്യകരമായ ഭക്ഷണശീലത്തോടൊപ്പം മത്തങ്ങാക്കുരുവും കഴിക്കുന്നത് പതിവാക്കിയാൽ ശരീരഭാരം കുറയും.
















