ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു പ്രകൃതിദത്ത പാനീയമാണ് കരിക്കിൻ വെള്ളം. കരിക്കിൻ വെള്ളം ശരീരത്തിലെ ജലാംശം നിലനിർത്താനും, ദഹനം മെച്ചപ്പെടുത്താനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ഇത്രയേറെ ഉപകാരിയായ കരിക്കിൻ വെള്ളം വൃക്കരോഗമുള്ളവർ കരിക്കിൻവെള്ളം ഒഴിവാക്കണം എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ ?
പൊട്ടാസ്യം കൂടുതൽ
കരിക്കിൻ വെള്ളത്തിൽ പൊട്ടാസ്യം വളരെ കൂടിയ അളവിൽ അടങ്ങിയിട്ടുണ്ട്. ജീവനുതന്നെ അപകടമായേക്കാവുന്ന ഹൈപ്പർ കലേമിയയ്ക്ക് കാരണമാകും. രക്തത്തിൽ നിന്ന് കൂടുതലായുള്ള പൊട്ടാസ്യത്തെ വൃക്കകൾ അരിച്ചു മാറ്റും. ഗുരുതരമായ വൃക്കരോഗം ബാധിച്ചവരിൽ ഈ പ്രവർത്തനം നടക്കില്ല. ഇത് ഹൈപ്പർ കലേമിയയിലേക്ക് നയിക്കും. ഹൈപ്പർ കലേമിയ ചെറിയ തോതിലേ ഉള്ളൂ എങ്കിൽ ലക്ഷണങ്ങളൊന്നും പ്രകടമാക്കില്ല. എന്നാൽ ഗുരുതരമാവുകയാണെങ്കിൽ ഹൃദയമിടിപ്പിന്റെ നിരക്കിൽ അസാധാരണ വ്യത്യാസം, പേശികൾക്ക് ബലക്കുറവ്, എന്തിനേറെ പരാലിസിസിനും ഇത് കാരണമാകും.
ഉയർന്ന അളവിൽ സോഡിയം
ഫ്ലൂയിഡ് ബാലൻസ് നിലനിർത്താനും നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തിനും കോശങ്ങളുടെ ആരോഗ്യത്തിനുമെല്ലാം പ്രധാന പങ്കുവഹിക്കുന്ന ഒരു അവശ്യപോഷകമാണ് സോഡിയം. എന്നാൽ ഇതിന്റെ അളവ് കൂടിയാൽ അത് ഉയർന്ന രക്തസമ്മർദത്തിനും ഫ്ലൂയ്ഡ് റിറ്റൻഷനും കാരണമാകും. ക്രമേണ ഇത് വൃക്കകൾക്ക് ആയാസം ഉണ്ടാക്കുകയും രോഗം മൂർച്ഛിക്കാൻ കാരണമാകുകയും ചെയ്യും.
ഡൈയൂററ്റിക്
കരിക്കിൻ വെള്ളം മൂത്രവിസർജനം വർധിപ്പിക്കുന്ന ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. ഫ്ലൂയ്ഡ് ബാലൻസ് കൊണ്ട് വിഷമിക്കുന്ന വൃക്കരോഗികൾക്ക് കരിക്കിൻ വെള്ളം കുടിക്കുന്നതു വഴി ഇലക്ട്രോലൈറ്റ് ഇംബാലൻസ്, നിർജലീകരണം, വൃക്കകൾക്ക് അനാവശ്യ സമ്മർദം ഇവയുണ്ടാകും. ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന രോഗികൾ ദ്രാവകങ്ങൾ പ്രത്യേകിച്ച് കരിക്കിൻ വെള്ളം കുടിക്കുന്നതില്‍ നിയന്ത്രണം വേണം. കരിക്കിൻ വെള്ളത്തിൽ ഇലക്ട്രോലൈറ്റുകൾ ധാരാളം ഉണ്ടെങ്കിലും കഠിനവ്യായാമവും ഏറെ നേരം നീണ്ടു നിൽക്കുന്ന ശാരീരിക പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നവർക്കും ഇത് മതിയാകില്ല. സോഡിയം പോലുള്ള ഇലക്ട്രോലൈറ്റുകൾ കൂടിയ അളവിൽ അടങ്ങിയ സ്പോർട്സ് ഡ്രിങ്കുകൾ ലഭ്യമാണ്. ജിംഫ്രണ്ട്‌ലി ആയുള്ള പാനീയങ്ങൾക്ക് പകരമാവാൻ കാലറി കുറഞ്ഞ കരിക്കിൻ വെള്ളത്തിന് ആവില്ല. ഫൈബർ ധാരാളം അടങ്ങിയതിനാലും നാച്വറൽ ഷുഗർ അടങ്ങിയതിനാലും ബ്ലോട്ടിങ്ങ്, വയറിളക്കം തുടങ്ങിയ ദഹനപ്രശ്നങ്ങൾക്കും അസ്വസ്ഥതകൾക്കും കരിക്കിൻവെള്ളം കാരണമാകാം.
















