ഡൽഹി: മണിപ്പുർ കലാപം ആരംഭിച്ചതിനു ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു സംസ്ഥാനം സന്ദർശിക്കും. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്. കുക്കി-മെയ്തെയ് വിഭാഗങ്ങളിലെ ഇരകളെ മോദി കാണുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ചുരാചന്ദ്പൂരിലും ഇംഫാലിലുമായി വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. 8,500 കോടി രൂപയുടെ വികസന പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് പീസ് ഗ്രൗണ്ടില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് മണിപ്പൂര്‍ സംസ്ഥാനത്തുടനീളം ഒരുക്കിയിട്ടുള്ളത്. മിസോറാമിൽ നിന്ന് ഹെലികോപ്ടർ മാർഗമാകും മോദി ചുരാചന്ദ്പൂരിൽ എത്തുക. മണിപ്പൂരിന്റെ വികസനമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. മോദിയുടെ സന്ദർശനത്തിനെതിരെ തീവ്രസംഘടനകൾ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദർശനം കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് മണിപ്പൂർ.
















