കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനവുമായി ബന്ധപ്പെട്ട വിഷയം സിവിൽ കോടതിയിലാണ് ഉന്നയിക്കേണ്ടതെന്ന് ഹൈക്കോടതി. കഴകം നിയമനം പാരമ്പര്യാവകാശമാണോ, കഴകം എന്നത് ആചാരപരമായ പ്രവൃത്തിയാണോ അല്ലയോ എന്നിങ്ങനെയുള്ള വിഷയങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ സിവിൽ കോടതി തീരുമാനിക്കേണ്ടതാണ്.
കഴകം ജോലി മതപരമാണോ എന്നതിൽ തെളിവുകൾ വിശദമായി പരിശോധിക്കണമെന്നും, കഴകം മതപരമെങ്കിൽ നിയമനം തന്ത്രിയടങ്ങുന്ന സമിതിയ്ക്ക് മാത്രമേ നടത്താനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. തർക്കം പരിഹരിക്കാൻ തെക്കേ വാരിയത്ത് കുടുംബത്തിന് സിവിൽ കോടതിയെ സമീപിക്കാമെന്നും, ദേവസ്വം നിയമന നടപടികൾ സിവിൽ കോടതിയുടെ തീർപ്പിന് വിധേയമെന്നും ഹൈക്കോടതി അറിയിച്ചു.
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനത്തില്‍ ചേര്‍ത്തല സ്വദേശി അനുരാഗിന്‍റെ നിയമനവുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി അറിയിച്ചു. കഴകം നിയമനം പാരമ്പര്യാവകാശമെന്ന തെക്കേവാര്യം കുടുംബത്തിന്‍റെ വാദം നിലനിന്നില്ല. അവകാശവാദം സിവില്‍ കോടതിയില്‍ ഉന്നയിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മാലക്കഴകത്തിന് പാരമ്പര്യാവകാശം ഉന്നയിച്ച് തെക്കേവാര്യം കുടുംബാംഗം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്.
വിഷയത്തിന്റെ വിപുലമായ നിയമവശങ്ങളിലേക്കു കടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കഴകം ജോലി ആചാരപരമായ പ്രവൃത്തിയാണെങ്കിൽ ക്ഷേത്രം തന്ത്രി ഉൾപ്പെട്ട സമിതിയാണ് നിയമനം നടത്തേണ്ടതെന്ന് ദേവസ്വം നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. ക്ഷേത്രാചാരങ്ങളിലും ആത്മീയ കാര്യങ്ങളിലും തന്ത്രിയാണ് അവസാന വാക്ക്. കഴകം ജോലിയുടെ സ്വഭാവം സംബന്ധിച്ച് തെളിവുകൾ പരിഗണിച്ച് തീരുമാനമെടുക്കേണ്ടത് സിവിൽ കോടതിയാണെന്നും കോടതി പറഞ്ഞു.
















