കൊച്ചി: വാഹനാപകടത്തെ തുടർന്ന് മസ്‌തിഷ്‌ക മരണം സംഭവിച്ച നെടുമ്പാശ്ശേരി വട്ടപറമ്പ് മള്ളുശേരി പാലമറ്റം വീട്ടിൽ ബിൽജിത്ത് ബിജു (18) വിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയിൽ തുടിക്കും. കൊച്ചിയിൽ ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ച 13 വയസുകാരിയുടെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായി. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കഴിയുന്നതിനിടെ മസ്തിഷ്ക മരണം സംഭവിച്ച ബിൽജിത്ത് എന്ന 18 വയസ്സുകാരന്റെ ഹൃദയമാണ് കൊല്ലം സ്വദേശിയായ പതിമൂന്ന്കാരിക്ക് മാറ്റിവെച്ചത്.
കൊല്ലം അഞ്ചൽ ഏരൂർ സ്വദേശിയായ 13 വയസ്സുകാരി മൂന്ന് വർഷമായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അടിയന്തരമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണം എന്നായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. ഇതിനിടയിലാണ് അനുയോജ്യമായ ഒരു ഹൃദയം ലഭ്യമാണെന്ന വിവരം ലഭിക്കുന്നത്. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിന്ന് ഹൃദയം എത്തിച്ചതിന് ശേഷം പുലർച്ചെ ഒന്നരയോടെ തുടങ്ങിയത്. ഡോ. ജോസ് ചാക്കോ പെരിയ പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. പുലർച്ചെ 3.30 ന് തന്നെ ഹൃദയം കുട്ടിയിൽ സ്പന്ദിച്ച് തുടങ്ങി. അടുത്ത 48 മണിക്കൂർ നിർണായകം എന്ന് ലിസി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.
ഏഴുപേർക്ക് പുതുജീവൻ നൽകിയാണ് ബിൽജിത്ത് വിടപറഞ്ഞത്. ഹൃദയമടക്കം ആറ് അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതമാണെന്ന് യുവാവിന്റെ കുടുംബം അറിയിച്ചിരുന്നു. അപ്നിയ ടെസ്റ്റിലൂടെയാണ് യുവാവിന്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. യുവാവിന്റെ മറ്റ് അവയവങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ്, അമൃത ആശുപത്രി, കൊച്ചി ലിസി ആശുപത്രി, ആലുവ രാജഗിരി ആശുപത്രി, കോട്ടയം കാരിത്താസ് ആശുപത്രി, അങ്കമാലി ലിറ്റിൽ ഫ്ലവർ എന്നീ ആശുപത്രികളിലെത്തിയ്ക്കും.
















