ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് അറസ്റ്റിലായിട്ട് ഇന്ന് അഞ്ച് വർഷം തികയുന്നു. 2020-ലെ ഡൽഹി കലാപത്തിന്റെ മുഖ്യ സൂത്രധാരൻ എന്നാരോപിച്ചാണ് ഡൽഹി പൊലീസ് ഉമർ ഖാലിദിനെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. ഇന്നലെ സുപ്രിംകോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 19 ലേക്ക് മാറ്റിരുന്നു. 2020 സെപ്റ്റംബർ 13 നാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയുന്നത്. ഡൽഹി കലാപത്തിന്റെ മുഖ്യ സൂത്രധാരൻ ഉമർ ആണെന്ന് ഡൽഹി പൊലീസ് നിരന്തരം അവകാശപ്പെടുമ്പോഴും കൃത്യമായ ഒരു തെളിവ് പോലും പൊലീസിന്റെ കൈയിലില്ല.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ രണ്ട് വർഷങ്ങൾക്ക് മുമ്പ് ഉമർ ഖാലിദിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ, ഗൂഢാലോചനയുമായി ബന്ധപ്പെട്ട യുഎപിഎ കേസ് നിലനിൽക്കുന്നതിനാൽ ജയിലിൽ തന്നെ തുടരേണ്ടിവന്നു. കഴിഞ്ഞയാഴ്ച ഡൽഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഉമറും മറ്റുള്ളവരും സുപ്രിംകോടതിയെ സമീപിച്ചത്. വ്യാഴാഴ്ച രാത്രി വൈകിയാണ് കേസ് ഫയലുകൾ ലഭിച്ചതെന്നും വായിക്കാൻ സമയം ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി കോടതി കേസ് 19 ലേക്ക് മാറ്റുകയിരുന്നു.
അറസ്റ്റിന് പിന്നാലെ ജയിലിലടയ്ക്കപ്പെട്ട ഉമർ ഖാലിദിന് തുടർന്ന് നേരിടേണ്ടി വന്നത് കടുത്ത മനുഷ്യാവാകാശ ലംഘനങ്ങളായിരുന്നു. ജാമ്യമോ വിചാരണയോ ഇല്ലാതെയാണ് വർഷങ്ങൾ ജയിലിൽ കഴിഞ്ഞത്. തുടർന്ന് നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് വിചാരണ ആരംഭിച്ചത്. ജയിലിലടച്ചത് മുതൽ ജാമ്യം തേടി വിവിധ കോടതികളെ ഉമർ ഖാലിദ് സമീപിച്ചിരുന്നു. താൻ കുറ്റക്കാരനല്ലെന്നും സമാധാനപരമായി പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് 38-കാരന് പറഞ്ഞെങ്കിലും നീതിയുടെ വെളിച്ചം ഇന്നും അകലയാണ്. സമാനകേസിൽ അറസ്റ്റിലായ മറ്റുള്ളവരും ഇന്നും ജാമ്യം തേടി അലയുകയാണ്.
















