സ്വദേശികൾക്ക് ഭൂമി വാങ്ങാൻ പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ച് സൗദി അറേബ്യ. റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി പദ്ധതിയിലൂടെയാണ് അവസരം. റിയൽ എസ്റ്റേറ്റ് ബാലൻസ് പ്ലാറ്റ്‌ഫോം എന്ന പേരിലാണ് സംവിധാനം. സാധാരണ പൗരന്മാർക്ക് കുറഞ്ഞ നിരക്കിൽ ഭൂമി ലഭ്യമാക്കുകയാണ് ലക്ഷ്യം. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലാണ് പദ്ധതി.
പദ്ധതിയുടെ ഭാഗമായി 10,000 മുതൽ 40,000 വരെ പ്ലോട്ടുകൾ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ നൽകും. ചതുരശ്ര മീറ്ററിന് പരമാവധി 1,500 റിയാലായിരിക്കും ഈടാക്കുക. പദ്ധതിക്കായി അപേക്ഷിക്കാൻ മാനദണ്ഡങ്ങളുണ്ട്.
അവ ഇപ്രകാരമാണ്: സൗദി പൗരൻ ആയിരിക്കണം, 25 വയസ്സിന് മുകളിലുള്ളവരോ അല്ലെങ്കിൽ വിവാഹിതർക്കോ മാത്രമായിരിക്കും അവസരം, കുറഞ്ഞത് മൂന്ന് വർഷം റിയാദിൽ താമസിച്ചിരിക്കണം, സ്വന്തം പേരിൽ മറ്റേതെങ്കിലും ഭൂമിയോ വീടോ ഉണ്ടാകരുത്, ഭൂമി ലഭിക്കുന്നവർ 10 വർഷത്തിനുള്ളിൽ വീടു നിർമിക്കണം, 10 വർഷം കഴിയുന്നതുവരെ വിൽക്കാനോ കൈമാറാനോ പാടില്ല. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 23 വരെയായിരിക്കും.
















