സൗദി അറേബ്യ സിറിയയ്ക്ക് 16.5 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ സഹായമായി നൽകും. വൈദ്യുതി മുടക്കം ഉൾപ്പെടെ അനുഭവിക്കുന്ന സിറിയയുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് സഹായം. നീക്കം സിറിയയുടെ റിഫൈനറികൾ സജീവമാക്കാനും സഹായിക്കും.
14 വർഷം നീണ്ട ആഭ്യന്തര സംഘർഷത്തിന് ശേഷം സിറിയൻ പ്രസിഡണ്ട് ബശ്ശാറുൽ അസദിനെ പുറത്താക്കിയിരുന്നു. ശേഷം വന്ന അഹ്‌മദ് അൽ-ഷറാ ഭരണകൂടത്തിന് വേണ്ട സഹായങ്ങളൊരുക്കുകയാണ് സൗദി അറേബ്യ.
നേരത്തെ നൽകിയ സഹായത്തിന് പിറകെയാണ് 16.5 ലക്ഷം ബാരൽ ക്രൂഡ്ഓയിൽ ഗ്രാന്റായി അനുവദിച്ചത്. സൗദി ഫണ്ട് ഫോർ ഡെവലപ്‌മെന്റാണ് സഹായം നൽകുന്നത്. ഈ ഗ്രാന്റ് സിറിയൻ റിഫൈനറികളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു. സിറിയയുടെ പല ഭാഗത്തും വൈദ്യുതി മുടക്കം പതിവാണ്. ഇത് പരിഹരിക്കാൻ ഒരു പരിധി വരെ സാധിക്കും.
















