ന്യൂഡൽഹി: നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കാര്‍ക്കിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാളിലെ ജനതയുടെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് മോദി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു.
I extend my best wishes to Right Hon. Mrs. Sushila Karki on assuming office as the Prime Minister of the Interim Government of Nepal. India remains firmly committed to the peace, progress and prosperity of the people of Nepal.
— Narendra Modi (@narendramodi) September 13, 2025
നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്ത സുഷീല കാർക്കിക്ക് ആശംസകൾ അർപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. നേപ്പാളിന്റെ ആദ്യ വനിത പ്രധാനമന്ത്രിയാണ് സുശീല കാര്‍ക്കി. കഴിഞ്ഞ ദിവസമാണ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. നേപ്പാള്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസാണ്. രാജ്യത്ത് ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ആദ്യവനിത കൂടിയാണ് സുശീല കാര്‍ക്കി.നേപ്പാള്‍ പ്രസിഡന്റ് രാം ചന്ദ്ര പൗദല്‍, സൈനിക മേധാവി അശോക് രാജ് സെഗ്‌ദെല്‍, ജെന്‍ സീ പ്രക്ഷോഭത്തിന്റെ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നാണ് സുശീല കാര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്.
അഴിമതിക്കും സാമൂഹിക മാധ്യമ നിരോധനത്തിനും എതിരെയാണ് നേപ്പാളില്‍ പ്രക്ഷോഭം ആരംഭിച്ചത്. യുവാക്കള്‍ നടത്തിയ പ്രക്ഷേഭത്തിനൊടുവില്‍ നേപ്പാള്‍ സര്‍ക്കാര്‍ അധികാരത്തില്‍നിന്ന് പുറത്തായിരുന്നു.സംഘര്‍ഷത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. സുശീല കാര്‍ക്കിക്ക് പുറമെ എന്‍ജിനീയര്‍ കുല്‍മന്‍ ഘുല്‍സിങ്, കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ എന്നിവരുടെ പേരും ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍, ബാലേന്ദ്ര ഷാ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് സുശീല കാര്‍ക്കിയെ പിന്നീട് പിന്തുണച്ചിരുന്നു.
















