വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ബില്‍ജിത്ത് ബിജുവിന്റെ (18) ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും. കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 13 വയസുകാരിയിലാണ് ഹൃദയം മിടിക്കുക. എറണാകുളം നെടുമ്പാശ്ശേരി മള്ളുശ്ശേരി പാലമറ്റം വീട്ടില്‍ ബില്‍ജിത്ത് ബിജുവിന്റെ ഹൃദയം ഉള്‍പ്പടെ 8 അവയവങ്ങളാണ് ദാനം ചെയ്തത്. കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് ബില്‍ജിത്ത്. തീവ്രദു:ഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു.
ബില്‍ജിത്ത് ബിജുവിന് മന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുകയും ചെയ്തു. ഹൃദയം, രണ്ട് വൃക്ക, കരള്‍, ചെറുകുടല്‍, പാന്‍ക്രിയാസ്, രണ്ട് നേത്രപടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനും ഒരു വൃക്ക എറണാകുളം രാജഗിരി ആശുപത്രിയ്ക്കും കരളും ചെറുകുടലും പാന്‍ക്രിയാസും എറണാകുളം അമൃത ആശുപത്രിയ്ക്കും രണ്ട് നേത്രപടലങ്ങള്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയ്ക്കുമാണ് നല്‍കിയത്.
സെപ്റ്റംബര്‍ രണ്ടിന് നെടുമ്പാശ്ശേരി കരിയാട് ദേശീയ പാതയില്‍ രാത്രി ബില്‍ജിത്ത് സഞ്ചരിച്ച ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു. ഗുരുതരമായി പരിക്കേറ്റ ബില്‍ജിത്തിനെ ഉടന്‍തന്നെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, സെപ്റ്റംബര്‍ 12ന് ബില്‍ജിത്തിന് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന്, അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതം നല്‍കി. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂര്‍ത്തിയായത്.
ബില്‍ജിത്തിന്റെ അച്ഛന്‍ ബിജു പാലമറ്റം, അമ്മ ലിന്റ, സഹോദരന്‍ ബിവല്‍ (ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി) എന്നിവരാണ് കുടുംബാംഗങ്ങള്‍. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് (സെപ്റ്റംബര്‍ 13) വീട്ടില്‍ വച്ച് നടക്കും.
CONTENT HIGH LIGHTS; Will it save my life?: Biljit’s heart will save the life of a 13-year-old girl; 8 organs donated
















