കുട്ടികൾക്ക് ഓൺലൈൻ ഗെയിമുകൾ വാങ്ങി നൽകുന്ന മാതാപിതാക്കൾ ഗെയിമിന്റെ ഉള്ളടക്കം പരിശോധിക്കണമെന്ന് ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹർ പറഞ്ഞു. ഗെയിമുകളുടെ പ്രായപരിധി ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ചില ഗെയിമുകളിൽ അസഭ്യ വാക്കുകൾ, ചൂതാട്ടം, അനുചിതമായ വസ്ത്രധാരണം, ലഹരിവസ്തുക്കൾ തുടങ്ങിയവയുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനാൽ ഇത്തരം ഗെയിമുകൾ കുട്ടികൾക്ക് അനുയോജ്യമല്ലെന്നും ഡോ. ഒസാമ ബഹർ പറഞ്ഞു.
ആധുനിക ഡിജിറ്റൽ യുഗത്തിൽ വീഡിയോ ഗെയിമുകൾക്ക് വലിയ പ്രചാരം ലഭിച്ചതിനാൽ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകമെമ്പാടുമായി ഏകദേശം 2.5 ബില്യൺ ഗെയിം കളിക്കാർ ഉണ്ടെന്നാണ് കണക്കാക്കുന്നത്.
ഗെയിമുകളുടെ കവറുകളിൽ കമ്പനികൾ ഏജ് റേറ്റിംഗ് രേഖപ്പെടുത്താറുണ്ട്. എന്നാൽ ഒരു കമ്പനി നൽകുന്ന റേറ്റിംഗും, രാജ്യം നൽകുന്ന റേറ്റിംഗും യൂറോപ്യൻ യൂണിയൻ (ഇ.യു) നൽകുന്ന റേറ്റിംഗും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഈ റേറ്റിംഗുകൾ ബഹ്‌റൈനും ജി.സി.സി രാജ്യങ്ങൾക്കും യോജിച്ചതാണോ എന്ന ചോദ്യവും ഇതിലൂടെ ഉയരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
















