കല്‍പ്പറ്റ: വയനാട് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം ജോസ് നെല്ലേടം ജീവനൊടുക്കാന്‍ കാരണം പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. ആത്മഹത്യക്ക് തൊട്ടുമുമ്പ് ജോസ് നെല്ലേടം പ്രാദേശിക മാധ്യമപ്രവർത്തകന് നൽകിയ പ്രതികരണത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സാമൂഹികമാധ്യമങ്ങളിലൂടെ നടന്ന വ്യക്തിഹത്യ താങ്ങാവുന്നതിലും അപ്പുറമായിരുന്നെന്ന് ജോസ് പറയുന്ന വീഡിയോയും പുറത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തിലെ ആരോപണ വിധേയനായിരുന്ന ജോസ് വെള്ളിയാഴ്ചയാണ് ജീവനൊടുക്കിയത്.
ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൊക്കെ ഞാന്‍ വലിയ അഴിമതിക്കാരനും ഗൂഢാലോചനക്കാരനുമൊക്കെയാണെന്ന് പറഞ്ഞ് വലിയ പ്രചാരണങ്ങള്‍ ചിലരുടെ ഭാഗത്തുനിന്നുണ്ട്. എന്നെ സംബന്ധിച്ച് പൊതുസമൂഹത്തില്‍ ഒരാളുടെ പോലും അനര്‍ഹമായ കാര്യങ്ങള്‍ നാളിതുവരെ കൈപ്പറ്റാതെ പൊതുപ്രവര്‍ത്തനം നടത്തിയിട്ടുള്ള വ്യക്തിയാണ് താന്‍. തീര്‍ച്ചയായും ഒരു വ്യക്തി എന്ന നിലയ്ക്ക് എനിക്ക് താങ്ങാന്‍ കഴിയുന്ന കാര്യങ്ങളല്ല, ജോസ് വീഡിയോയില്‍ പറയുന്നു.
പൊതുസമൂഹത്തില്‍ എന്റെ മുന്നില്‍ വന്ന ആളുകളെ സഹായിച്ചിട്ടുള്ളതല്ലാതെ ആരെയും മാറ്റിവിടുകയോ അല്ലെങ്കില്‍ തള്ളിക്കളയുകയോ ചെയ്തിട്ടുള്ളതല്ലെന്നും ജോസിന്റെ പ്രതികരണത്തിലുണ്ട്. എന്റെ പ്രവര്‍ത്തനങ്ങളില്‍ അസൂയ പൂണ്ട ആളുകള്‍ എന്നെ ഈ സമൂഹത്തില്‍ ഇല്ലാതാക്കാന്‍ വേണ്ടി എന്റെ രക്തത്തിനുവേണ്ടി, എന്റെ മക്കളുടെ പോലും ഭാവി നശിപ്പിക്കുന്ന രീതിയില്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. ഇതുപോലെയുള്ള സാമൂഹികമാധ്യമ പ്രചാരണങ്ങള്‍ എന്തിനുവേണ്ടിയാണെന്ന് മനസ്സിലാകുന്നില്ല. പൊതുസമൂഹത്തിനോട് ഇത്തരത്തിലുള്ള ഒരു അനീതിയും ഇതിന് മുന്‍പ് ചെയ്തിട്ടില്ല, എന്നും ജോസ് പറയുന്നു.വെള്ളിയാഴ്ച രാവിലെ 9.45ഓടെ കുളത്തിന് സമീപത്തുനിന്ന് ചുമയ്ക്കുന്ന ശബ്ദംകേട്ട് നോക്കിയ അയല്‍വാസിയാണ് അവശനിലയില്‍ ജോസിനെ കണ്ടത്. തുടര്‍ന്ന് പുല്പള്ളിയിലെ സ്വകാര്യാശുപത്രിയിലും ബത്തേരി താലൂക്ക് ആശുപത്രിയിലും എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. വിഷംകഴിച്ചനിലയിലും ഇടതുകൈയിലെ ഞരമ്പ് മുറിഞ്ഞനിലയിലുമാണ് കണ്ടെത്തിയത്.
മുള്ളന്‍കൊല്ലി പഞ്ചായത്തിലെ രണ്ടാംവാര്‍ഡായ ഭൂദാനം കുന്നിലെ പ്രതിനിധിയായിരുന്നു ജോസ്. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചന്റെ വീട്ടില്‍ സ്‌ഫോടകവസ്തുക്കളും കര്‍ണാടക മദ്യവും കണ്ടെടുത്ത കേസിലാണ് ജോസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ആരോപണമുണ്ടായത്. കേസില്‍ അറസ്റ്റിലായ തങ്കച്ചന്‍ 16 ദിവസം ജയിലിലായിരുന്നു. ജയില്‍മോചിതനായശേഷം ജോസടക്കമുള്ളവരാണ് വ്യാജക്കേസിനു പിന്നിലെന്ന് തങ്കച്ചന്‍ ആരോപിച്ചിരുന്നു. കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസ് ജോസിനെ ചോദ്യംചെയ്തിരുന്നു. തങ്കച്ചന്‍ ജയില്‍മോചിതനായതോടെ കേസ് ബത്തേരി ഡിവൈഎസ്പി ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ജോസിന്റെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
















