എന്നും ചോറും, ബിരിയാണിയും ഒക്കെ കഴിച്ച് മടുത്തെങ്കിൽ തയ്യാറാക്കാം ഒരു അടിപൊളി മല്ലിയില പുലാവ്. കറികളൊന്നും ഇല്ലെങ്കിലും ഇത് കഴിക്കാൻ അടിപൊളിയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ഈ പുലാവ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
സവാള- ചെറിയ കഷണം
ഗ്രാമ്പു- 8 എണ്ണം
കുരുമുളക്- 1/2 ടീസ്പൂൺ
പട്ട- ചെറിയ കഷണം
പച്ചമുളക്- 2 എണ്ണം
മല്ലിയില- ഒരുപിടി
ഇവയെല്ലാം മിക്സിയുടെ ജാറിൽ നന്നായി അരച്ചെടുക്കുക
ബസ്മതി അരി വേവിച്ചത്- 3 കപ്പ്
നെയ്യ്- 1 ടീസ്പൂൺ
ബേ ലീഫ്- 2 എണ്ണം
കശുവണ്ടി- 10 എണ്ണം
സവാള- പകുതി
തക്കാളി- ചെറുത്
ബീൻസ്- 1/4 കപ്പ്
കാരറ്റ്- 1/4 കപ്പ്
കാപ്സികം- 1/4 കപ്പ്
ഗ്രീൻപീസ്- 2 ടേബ്ൾ സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാനിൽ നെയ്യൊഴിച്ച് ബേ ലീഫ്, കശുവണ്ടി ചേർത്ത് വഴറ്റുക. ശേഷം അരിഞ്ഞുവെച്ച സവാള ചേർക്കുക. ഇത് നന്നായി വഴന്നുവന്നാൽ തക്കാളി ചേർത്തിളക്കാം. ശേഷം ചെറുതായി അരിഞ്ഞ ബീൻസ്, കാരറ്റ്, കാപ്സികം ഇവയെല്ലാം ചേർത്ത് വഴറ്റുക. ഗ്രീൻപീസും ചേർത്ത് വഴറ്റുക. എല്ലാം നന്നായി വഴന്നുവന്നാൽ നേരത്തേ അരച്ച മസാലയും ആവശ്യത്തിന് ഉപ്പും ചേർത്തു കൊടുക്കുക. മസാലയുടെ പച്ചമണം മാറിക്കഴിഞ്ഞാൽ വേവിച്ചുവെച്ച ബസ്മതി അരി ഇതിലേക്ക് ചേർത്ത് മസാലയിൽ നന്നായി മിക്സ് ചെയ്തെടുക്കാം. മല്ലിയില പുലാവ് റെഡി.
















