തിരുവനന്തപുരം: ഇന്ന് ശ്രീകൃഷ്ണ ജയന്തി. ഭഗവാന്‍ കൃഷ്ണന്റെ ജന്മദിനമായ അഷ്ടമിരോഹിണി നാളില്‍ നാടെങ്ങും വിപുലമായ ശ്രീകൃഷ്ണജയന്തി ആഘോഷം. സംസ്ഥാനത്തെ പ്രമുഖ ശ്രീകൃഷ്ണക്ഷേത്രങ്ങളിലെല്ലാം ജയന്തി ആഘോഷങ്ങള്‍ക്ക് വമ്പിച്ച ഒരുക്കമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവം തുടങ്ങി. പൂജകളും ആഘോഷങ്ങളും ഘോഷയാത്രയും നാടൻ കലകളുമായി വലിയ ആഘോഷമാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. വൻ ഭക്തജന തിരക്ക് അനുഭവപ്പെടുന്നതിനാൽ ക്ഷേത്രത്തിലെത്തുന്നവർക്കെല്ലാം ദർശനം ലഭ്യമാക്കാൻ സാധ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു.
പുലർച്ചെ മൂന്നുമണിക്ക് നിർമ്മാല്യ ദർശനത്തോടെ ക്ഷേത്രത്തിലെ അഷ്ടമി രോഹിണി ചടങ്ങുകൾ തുടങ്ങി. ക്രമീകരണങ്ങളുടെ ഭാഗമായി വി.ഐ.പി., സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. പൂജകളും ആഘോഷങ്ങളും ഘോഷയാത്രയും നാടൻ കലകളും എല്ലാം കോർത്തിണക്കി ഇന്ന് ഗുരുവായൂർ ക്ഷേത്ര സന്നിധി അക്ഷരാർത്ഥത്തിൽ അമ്പാടിയാകും. ആയിരക്കണക്കിന് കൃഷ്ണവേഷങ്ങളും പൗരാണികവേഷങ്ങളും, നിശ്ചലദൃശ്യങ്ങളും, വാദ്യമേളങ്ങളും ഗോപികാനൃത്തങ്ങളും ഉറിയടിയും ശോഭായാത്രയില്‍ അണിനിരക്കും.
















