തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദങ്ങൾ കത്തിനിൽക്കെ നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. പരസ്പരം ഏറ്റുമുട്ടാൻ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും വിഷയങ്ങൾ നിരവധിയാണ്. ലൈംഗിക ആരോപണങ്ങളിൽ ഉൾപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ. രാഹുൽ വിഷയം തന്നെയാണ് ഭരണപക്ഷത്തിന്റെ പ്രധാന ആയുധം. പൊലീസ് സ്റ്റേഷനുകളിലെ മർദനങ്ങൾ ഉയർത്തി പ്രതിപക്ഷം പ്രതിരോധം തീർക്കും. കോൺഗ്രസിന്റെ പാർലമെൻററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വന്നാൽ, നേരത്തെ പി.വി അൻവർ ഇരുന്ന ബ്ലോക്കിൽ ആയിരിക്കും സ്ഥാനം.
സാധാരണഗതിയിൽ നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ പ്രതിപക്ഷത്തിന്റെ കയ്യിലാണ് വിഷയങ്ങൾ കൂടുതലായി ഉണ്ടാവുക. ഇത്തവണ പക്ഷേ ചില മാറ്റങ്ങൾ ഉണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ് ഭരണപക്ഷത്തിന്റെ ആയുധം. രാഹുലിനെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാൻ ശ്രമമുണ്ടായി. എന്നാൽ രാഹുലിനെതിരായ നടപടി കോൺഗ്രസിൽ ഉണ്ടാക്കിയത് അസാധാരണ പ്രതിസന്ധിയാണ്. നടപടയിൽ പ്രതിപക്ഷനേതാവ് ഉറച്ചുനിൽക്കുമ്പോൾ, തിരികെ കൊണ്ടുവരണമെന്ന നിലപാടിലാണ് എ ഗ്രൂപ്പും മറ്റൊരു വിഭാഗം നേതാക്കളും. ഒക്ടോബർ 10 വരെയാണ് സമ്മേളനം.
















