തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമോ? സസ്പെൻസ് തുടരുന്നു. രാഹുൽ പങ്കെടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. സൈബർ അണികൾക്കിടയിലും ഇത് സംബന്ധിച്ച് പോര് തുടരുകയാണ്. ഇക്കാര്യം അടുപ്പമുള്ള നേതാക്കൾ രാഹുലിനെ അറിയിച്ചു. പാർട്ടിയെ പ്രതിരോധത്തിലാക്കില്ലെന്ന് നേതാക്കൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ ഉറപ്പ് നൽകി. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം രാഹുലിന്റേതാണ്.
ആരോപണങ്ങളിൽ വ്യക്തത വരുത്തിയിട്ട് രാഹുൽ എത്തിയാൽ മതിയെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം. ചാനലുകൾ പുറത്ത് വിട്ട ശബ്ദം രാഹുലിന്റേതാണോ, രാഹുൽ ചാനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തയ്യാറാകുമോ, ഇതിന് ഉത്തരം പറഞ്ഞ ശേഷമാകാം നിയമസഭയിലേക്ക് എന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. രാഹുൽ നിയമസഭയിലുണ്ടാകാതിരിക്കുന്നതാണ് ഉചിതം. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് പാർട്ടിയുടെ നിലനിൽപ്പിനുള്ള പോരാട്ടത്തിലാണെന്നും അതിനിടയിൽ ചിലർ വ്യക്തിപരമായി ഉണ്ടാക്കിയ കളങ്കം പാർട്ടിക്ക് ബാധ്യതയാകരുതെന്നും വിമർശനം ഉയരുന്നുണ്ട്.
സംസ്ഥാന രാഷ്ട്രീയത്തിൽ പലതരം വിവാദങ്ങൾ കത്തിനിൽക്കെ നിയമസഭാ സമ്മേളനം നാളെ തുടങ്ങും. ലൈംഗിക ആരോപണങ്ങളിൽ ഉൾപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ. രാഹുൽ വന്നാൽ നേരത്തെ പി വി അൻവർ ഇരുന്ന പ്രത്യേക ബ്ലോക്കിലായിരിക്കും ഇരിപ്പിടം. സർക്കാരിനെതിരെ നിരവധി ആയുധങ്ങളുണ്ടെങ്കിലും രാഹുൽ വിവാദത്തിൽ പ്രതിപക്ഷം പ്രതിരോധത്തിലാണ്. പൊലീസ് അതിക്രമങ്ങളുടെ പരമ്പരയാണ് സർക്കാരിന്റെ പ്രധാന തലവേദന
















