ലണ്ടൻ: ലോകരാഷ്ട്രങ്ങളെ അമ്പരപ്പിച്ച്, ഇന്ത്യാക്കാരുടെയടക്കം ആശങ്ക വർധിപ്പിക്കുന്ന പതിനായിരങ്ങൾ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലിയിൽ ലണ്ടൻ നഗരം മുങ്ങി. കുടിയേറ്റ വിരുദ്ധ പ്രവര്‍ത്തകൻ ടോമി റോബിൻസണിന്‍റെ നേതൃത്വത്തിലാണ് ഒരു ലക്ഷത്തിലധികം വരുന്ന പ്രക്ഷോഭകര്‍ അണിനിരന്നത്. പ്രകടനത്തിനിടെ നിരവധി ഉദ്യോഗസ്ഥരെ ആക്രമിച്ചതായും പൊലീസ് റിപ്പോർട്ട് ചെയ്തു. ആയിരത്തോളം പൊലീസുകാരാണ് റാലിയെ നിയന്ത്രിക്കാൻ ഉണ്ടായിരുന്നതെന്നാണ് വിവരം.
25 ഓളം പ്രതിഷേധക്കാരെ വിവിധ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതീക്ഷിച്ചതിലേറെ ജനമെത്തിയത് പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസിൻ്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുവെന്നാണ് വിവരം. ഫാസിസ്റ്റ് വിരുദ്ധവാദികളും വംശീയ വിരുദ്ധവാദികളും മറുപക്ഷത്ത് അണിനിരന്നതോടെയാണ് പലയിടത്തും കാര്യങ്ങൾ സംഘർഷത്തിലേക്ക് പോയത്. ‘യുണൈറ്റ് ദി കിങ്ഡം മാർച്ച്’ എന്ന പേരിലുള്ള ഈ പ്രതിഷേധത്തിൽ ഏകദേശം 110,000 പേർ പങ്കെടുത്തതായി പൊലീസ് വ്യക്തമാക്കുന്നു.
















