ഡൊമിനിക് അരുണിന്റെ സംവിധാനത്തില്‍ കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തിയ സിനിമയാണ് ലോക. ലോകയില്‍ കല്യാണിക്കൊപ്പം നസ്ലെനും, ചന്തു സലിം കുമാറും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നാണ് എല്ലാവരോടും പറയുന്നതെന്നും പരസ്പരം ഞങ്ങള്‍ ബെസ്റ്റി എന്നാണ് വിളിക്കുന്നതെന്നും പറയുകയാണ് നടന്‍ ചന്തു സലിം കുമാര്‍. ദി ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചന്തു ഇക്കാര്യം പറഞ്ഞത്.
ചന്തുവിന്റെ വാക്കുകള്‍……..
‘ദുല്‍ഖറുമായി വലിയ സൗഹദൃമുള്ളയാളായിരുന്നില്ല ഞാന്‍. ഒരു യമണ്ടന്‍ പ്രേമ കഥയുടെ ലൊക്കേഷനില്‍ ദുല്‍ഖറിനെ കാണാന്‍ വേണ്ടി ഞാന്‍ പോയിട്ടുണ്ട്. അത്രയേയുള്ളു ഞങ്ങള്‍ തമ്മിലുള്ള ബന്ധം. അത് അവിടെ തീര്‍ന്നു. ദുല്‍ഖര്‍ എന്ന് പറഞ്ഞാല്‍ എനിക്ക് മമ്മൂക്കയുടെ മകനാണ്. മമ്മൂക്ക എനിക്ക് വളരെ വേണ്ടപ്പെട്ടയാളാണ്. എന്റെ സൂപ്പര്‍ ഹീറോയാണ്.
ഞാന്‍ ഒരു ഇന്റര്‍വ്യൂവില്‍ ദുല്‍ഖറിനെ കുറിച്ച് പറഞ്ഞിരുന്നു. എന്റെ കയ്യില്‍ ദുല്‍ഖറിന്റെ നമ്പറൊന്നുമില്ല. പുള്ളി എന്നെ വിളിക്കുകയോ ഞാന്‍ അങ്ങോട്ട് വിളിക്കുകയോ ചെയ്യാറില്ല. ഞാന്‍ അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞത് ദുല്‍ഖര്‍ അറിഞ്ഞു. പിന്നീട് എന്നെ കണ്ടപ്പോള്‍ എന്നോട് പറഞ്ഞു നിന്നോട് എനിക്കൊരു കാര്യം സംസാരിക്കാനുണ്ടെന്ന്… നീ എന്താണ് എന്നെ വിളിക്കാത്തത്?. നിന്റെ അടുത്ത് എന്താ എന്റെ നമ്പര്‍ ഇല്ലാത്തത്? എന്നൊക്കെ ചോദിച്ചു. അത് പ്രശ്‌നമായോയെന്ന് ഞാന്‍ ചിന്തിച്ചു. നിനക്ക് എന്നെ വിളിച്ചൂടേ എന്നായി ദുല്‍ഖര്‍. ഒരു പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറാണ് എന്നോട് ഇത് ചോദിക്കുന്നത്. നിനക്ക് എന്നെ വിളിച്ചൂടേ മെസേജ് അയച്ചൂടേയെന്ന് ദുല്‍ഖര്‍ എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ കരുതിയത് ഇത് എല്ലാവരും പറയുന്നത് അല്ലേ എന്നാണ്. പക്ഷെ ദുല്‍ഖറിന്റെ കാര്യത്തില്‍ അങ്ങനെയല്ല.
നമ്മള്‍ ഒരു മെസേജ് അയച്ചാല്‍ ദുല്‍ഖര്‍ തിരിച്ച് ഒരു എസ്സേ പോലെ റിപ്ലൈ അയക്കും. ഞാന്‍ പോലും എന്റെ സുഹൃത്തുക്കള്‍ക്ക് അത്ര വലിയ റിപ്ലൈ കൊടുക്കാറില്ല. അതുകൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നാണ് ഞാന്‍ എല്ലാവരോടും പറയാറ്. ഞങ്ങള്‍ പരസ്പരം ബെസ്റ്റി എന്നാണ് വിളിക്കുന്നതും’.
അതേസമയം, ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമാണ് ‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’. ചിത്രം 200 കോടിയിലധികം രൂപയാണ് കളക്ഷന്‍ നേടി മുന്നേറുന്നത്. മലയാളത്തില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രമാണ് ‘ലോക’. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണിത്.
















