അങ്കമാലി മേഖലയിൽ സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുടക്ക് അവസാനിച്ചു. വേതന വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികൾ നാല് ദിവസമായി നടത്തിവന്ന സമരം ജില്ലാ ലേബർ ഓഫീസർ നടത്തിയ ചർച്ചയെ തുടർന്നാണ് ഒത്തുതീർപ്പായത്.
തൊഴിലാളികൾക്ക് 350 രൂപ കൂലി വർധന നൽകാമെന്ന തീരുമാനത്തിലാണ് സമരം അവസാനിച്ചത്. അങ്കമാലിയിൽ ഇന്നുമുതൽ ബസുകൾ സർവീസ് നടത്തും. അങ്കമാലി – കാലടി, അത്താണി, കൊരട്ടി മേഖകളിലെ സ്വകാര്യ ബസ് തൊഴിലാളികളാണ് വേതന വർധന ആവശ്യപ്പെട്ട് സമരം നടത്തിയിരുന്നത്.
കാലാവധി കഴിഞ്ഞ കരാർ പുതുക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. സമരം ഒത്തുതീർപ്പാക്കുന്നതിനായി ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ ബസ് തൊഴിലാളികളും ബസ് ഉടമകളുമായി അങ്കമാലി സി ഐയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സമരം അവസാനിപ്പിച്ചത്.
രണ്ടുവർഷത്തേക്കാണ് കരാർ.ആദ്യ വർഷം 250 രൂപയുടെ വർധനവും, തൊട്ടടുത്ത വർഷം മുതൽ 100 രൂപയും അധികം നൽകും. സമരം ഒത്തുതീർപ്പായതിനെ തുടർന്ന് പ്രദേശത്ത് ബസുകൾ സർവീസ് ആരംഭിച്ചു.
















