യാത്രാ പ്രേമികളുടെ സ്ഥിരം സ്പോട്ടുകളാണ് കാടും മലയും കുന്നുകളും, എന്നാൽ ഇതിൽ നിന്നെല്ലാം മാറി പാലങ്ങളിൽ കൂടിയുള്ള യാത്ര ആയാലോ ? നദികൾക്കു കുറുകയും പുഴകൾക്കും മീതെയും നിർമ്മിച്ചിട്ടുള്ള പാലങ്ങളിൽ കൂടിയുള്ള യാത്ര നിങ്ങളുടെ യാത്രകളെ കൂടുതൽ മനോഹരമാക്കും. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
അസമിലെ ഭൂപൻ ഹസാരിക പാലം
ലോഹിത് നദിക്ക് മുകളിലൂടെയുള്ള ധോല – സാദിയ പാലത്തിന് ഏകദേശം 9.15 കിലോമീറ്റർ നീളമാണ് ഉള്ളത്. ഇന്ത്യയിലെ ഏറ്റവും നീളമുള്ള പാലമാണിത്. അസമിനെ അരുണാചൽ പ്രദേശുമായി ബന്ധിപ്പിക്കുന്ന ഈ പാലം 2017ലാണ് തുറന്നത്. ആധുനിക കാലത്തെ അദ്ഭുതമായ ഈ പാലത്തിലൂടെയുള്ള യാത്ര ബ്രഹ്മപുത്രയുടെ മനോഹരമായ കാഴ്ചകൾ സഞ്ചാരികൾക്ക് സമ്മാനിക്കുന്നു.
വെസ്റ്റ് ബംഗാളിലെ മഹാകാളി പാലം
തീസ്ത നദിക്ക് കുറുകെയുള്ള 5.5 കിലോമീറ്ററിൽ അധികം നീളത്തിലാണ് മഹാകാളി സേതു. വടക്കൻ പശ്ചിമ ബംഗാളിന്റെ പ്രകൃതിഭംഗി നിറഞ്ഞ കാഴ്ചകളാണ് ഈ പാലത്തിലൂടെ വാഹനമോടിക്കുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. തേയിലത്തോട്ടങ്ങൾ, മനോഹരമായ പട്ടണങ്ങൾ, കുന്നുകൾ എന്നീ കാഴ്ചകളെല്ലാം യാത്ര കൂടുതൽ സുന്ദരമാക്കും.
ആന്ധ്രാപ്രദേശിലെ ഗോദാവരി പാലം
രാജമുണ്ട്രിയെയും കൊവ്വൂരിനെയും ബന്ധിപ്പിക്കുന്ന പാലമാണ് ഗോദാവരി നദിക്കു മുകളിലൂടെയുള്ള ഗോദാവരി പാലം. ഏകദേശം 4.1 കിലോമീറ്ററാണ് ഈ പാലത്തിന്റെ നീളം. തിരക്കേറിയ ഈ റോഡ് – റെയിൽ പാലം ഗോദാവരി നദിയുടെ മനോഹരമായ കാഴ്ചകൾ സഞ്ചാരികൾക്ക് സമ്മാനിക്കുന്നു. സൂര്യോദയ സമയത്തും സൂര്യാസ്തമയ സമയത്തും നദി സ്വർണ വെളിച്ചത്തിൽ തിളങ്ങുന്നത് മനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്.
മുംബൈയിലെ ബാന്ദ്ര – വർളി സീ ലിങ്ക്
ബാന്ദ്ര – വർളി സീ ലിങ്ക് ഏകദേശം 5.6 കിലോമീറ്റർ നീളത്തിലാണ്. മുംബൈയിലെ ഒരു പ്രധാനപ്പെട്ട ലാൻഡ് മാർക്ക് കൂടിയാണ് ഇത്. ഈ പാലത്തിലൂടെ വാഹനമോടിക്കുന്നത് അറബിക്കടലിനെയും നഗരത്തിന്റെ ആകാശത്തെയും ആസ്വദിക്കാൻ ഓരോ സഞ്ചാരിയെയും പ്രേരിപ്പിക്കുന്നു. ആധുനിക വാസ്തുവിദ്യ വൈഭവത്തിന്റെ അടയാളം കൂടിയാണ് ഈ പാലം.
വെസ്റ്റ് ബംഗാളിലെ കോറണേഷൻ പാലം
സെവോക്ക് പാലം എന്നും വെസ്റ്റ് ബംഗാളിലെ ഈ പാലം അറിയപ്പെടുന്നു. 1.8 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാലം തീസ്ത നദിക്ക് കുറുകെ സ്ഥിതി ചെയ്യുന്നു. ഒപ്പം ഹിമാലയൻ താഴ്വരയുമായി ഈ പാലം ബന്ധിപ്പിക്കുന്നു. ഡാർജിലിങ്ങിലേക്കോ ഗാങ്ടോക്കിലേക്കോ പോകുമ്പോൾ യാത്രക്കാർ പലപ്പോഴും ഇവിടെ നിർത്താറുണ്ട്. മനോഹരമായ പ്രകൃതിദൃശ്യങ്ങളും ഒഴുകുന്ന നദിയും ഈ പാലത്തിൽ കുറച്ചു നേരം വാഹനം നിർത്തി വിശ്രമിക്കാൻ സഞ്ചാരികളെ പ്രേരിപ്പിക്കുന്നു.
വെസ്റ്റ് ബംഗാളിലെ നിവേദിത പാലം
ഹൂഗ്ലി നദിക്ക് മുകളിലൂടെ 1.6 കിലോമീറ്റർ നീളത്തിലാണ് നിവേദിത പാലം. കൊൽക്കത്തയിലേക്കും ഹൗറയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ ഈ പാലം സഹായിക്കുന്നു. സുഗമവും മനോഹരവുമായ ഡ്രൈവ് നൽകുന്നു. ഒപ്പം, ഇവിടെ നിന്ന് സഞ്ചാരികൾക്ക് പ്രശസ്തമായ ഹൌറ പാലത്തിൻ്റെ കാഴ്ചകൾ കാണാവുന്നതാണ്.
















