മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബേസിൽ ജോസഫ്. അഭിനയം, സംവിധാനം അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ താരം കൂടിയാണ് ബേസിൽ ജോസഫ്. ഇപ്പോഴിതാ നിർമാണ കമ്പനി ലോഞ്ച് ചെയ്തിരിക്കുകയാണ് നടൻ. ‘ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്’എന്നാണ് നിർമാണ കമ്പനിയുടെ പേര്.
‘ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്ന് പരീക്ഷിക്കുന്നു – സിനിമ നിർമാണം. ഇപ്പോഴും അത് “എങ്ങനെ” എന്ന് കണ്ടെത്തുകയാണ് ഞാൻ പക്ഷെ കൂടുതൽ മികച്ചതും, ധീരവും, പുതിയ രീതിയിലും ഉള്ള കഥകൾ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ പുതിയ പാത നമ്മെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് നോക്കാം. ബേസില്‍ ജോസഫ് എന്റർടെയ്ൻമെന്റിലേക്ക് സ്വാഗതം’, എന്നാണ് നിർമാണ കമ്പനി അവതരിപ്പിച്ചുകൊണ്ട് ബേസിൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒരു കൊച്ചു അനിമേഷൻ വീഡിയോയും ബേസിൽ പങ്കുവെച്ചിട്ടുണ്ട്.
മരണമാസ്സ് ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ബേസിൽ ജോസഫ് ചിത്രം. ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് സിനിമയുടെ നിർമാണം. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ. നീരജ് രവി ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ബേസിലിന് പുറമേ സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, സിജു സണ്ണി, അനിഷ്മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വന്നിട്ടുള്ളത്.
















