അഴിമതി കണ്ടുപിടിക്കാൻ എ.ഐ മന്ത്രിയെ നിയമിച്ച് അൽബേനിയ. ലോകത്തിലെ ആദ്യത്തെ എ.ഐ മന്ത്രി ആണ് ‘ദിയേല’. അൽബേനിയൻ ഭാഷയിൽ സൂര്യൻ എന്നാണ് ദിയേലയുടെ അർഥം. ലോകത്തുതന്നെ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഭരണ പരീക്ഷണം. സെപ്റ്റംബർ 11നാണ് പ്രധാനമന്ത്രി ഈദീ റാമ എ.ഐ മന്ത്രിയെ അവതരിപ്പിച്ചത്.
ദിയേല ഒരു റോബോട്ടല്ല വെർച്വൽ ആയിട്ടാണ് അതിന്റെ ക്രിയേഷൻ. ജനങ്ങളുടെ പരാതി സ്വീകരിക്കുക, സർക്കാർതലത്തിൽ നടക്കുന്ന അഴിമതികൾ കണ്ടുപിടിക്കുകയും അത് തടയുകയും ചെയ്യുക എന്നിവയൊക്കെയാണ് എ.ഐ മന്ത്രിയുടെ ചുമതല. സർക്കാറിന്റെ പൊതു ടെന്ററുകളും മറ്റും പരിശോധിക്കുന്നതും അത് ആർക്ക് അനുവദിക്കണമെന്ന് ശിപാർശ ചെയ്യുന്നതും ഇനിമുതൽ ദിയേലയായിരിക്കും. ഭരണസുതാര്യതയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
















