ആവാസവ്യൂഹം, പുരുഷപ്രേതം, സംഘര്‍ഷഘടന എന്നീ മികച്ച സിനിമകള്‍ മലയാളത്തിന് നല്‍കിയ യുവ സംവിധായകനാണ് കൃഷാന്ദ്. ഇപ്പോഴിതാ ഭരതന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മലയാളത്തിലെ ക്ലാസിക് ചിത്രം ‘താഴ്വാര’ത്തെ കുറിച്ച് സംസാരിക്കുകയാണ് കൃഷാന്ദ്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കൃഷാന്ദിന്റെ പ്രതികരണം.
കൃഷാന്ദിന്റെ പ്രതികരണം ഇങ്ങനെ……
‘ഞാന്‍ ചെറുപ്പത്തില്‍ തിയറ്ററില്‍ പോയി കണ്ട സിനിമയാണ് താഴ്വാരം. എനിക്ക് പേടിയായി ആ സിനിമ കണ്ടപ്പോള്‍. ഒരു സിനിമ കണ്ടിട്ട് അതില്‍ പ്രേതം ഇല്ലാതെ പേടിയാവുക എന്നത് വലിയ പാടാണ്. പിന്നെയും ഞാന്‍ ആ സിനിമ കണ്ടു. രാത്രി മൂടി കിടക്കുമ്പോള്‍ ആരെങ്കിലും വന്ന് കൊല്ലും എന്നൊക്കെയായിരുന്നു പേടി വന്നത്, പുതപ്പൊക്കെ മൂടി കിടക്കുമ്പോള്‍, ‘കൊല്ലാന്‍ അവനും, ചാകാതിരിക്കാന്‍ ഞാനും’ ആ മൂഡൊക്കെ പിടിച്ചിട്ടുണ്ട്. പിന്നീട് സ്പാഗെട്ടി വെസ്റ്റേണുകളും ലിയോണിന്റെ വര്‍ക്കുകളും ഹോളിവുഡ് സിനിമകളുമൊക്കെ കണ്ടതിന് ശേഷം ഞാന്‍ വീണ്ടും താഴ്വാരം കണ്ടു.
അപ്പോഴാണ് താഴ്വാരം എന്തൊരു വലിയ സിനിമയാണെന്ന് മനസിലായത്. അങ്ങനെ താഴ്വാരം എനിക്ക് ട്രിപ്പ് ആയി. അതിലെ വില്ലന് ഒരു വെസ്റ്റേണ്‍ സ്‌റ്റൈലുണ്ടായിരുന്നു. അതിലെ ഭൂപ്രകൃതി, എത്ത്‌നോഗ്രഫി, വിഷ്വല്‍സ്, കഥാപാത്രങ്ങളെക്കുറിച്ചൊക്കെ ഞാന്‍ ചിന്തിച്ചു തുടങ്ങിയത് താഴ്വാരം വീണ്ടും കണ്ടു തുടങ്ങിയപ്പോഴാണ്. ചെറുപ്പത്തില്‍ കണ്ടപ്പോള്‍ എനിക്ക് പേടിയുണ്ടായിരുന്നു എന്ന് എനിക്കോര്‍മയുണ്ട്.’
















