പത്തനംതിട്ട കോയിപ്രം ഹണിട്രാപ്പ് മർദനം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികൾ കൂടുതൽ സമാന കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കും. ആറന്മുള പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളും കോയിപ്രം സ്റ്റേഷനിലേക്ക് മാറ്റും. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ജയേഷ് രശ്മി എന്നിവരെ കോടതി റിമാന്റ് ചെയ്തു. കോയ്പ്രം പൊലീസ് പിന്നീട് പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകും. ആലപ്പുഴ, റാന്നി സ്വദേശികളും അടുത്ത ബന്ധുക്കളുമായ യുവാക്കളാണ് ഈ മാസം ആദ്യം വെവ്വേറെ ദിവസങ്ങളിൽ യുവദമ്പതികളുടെ ക്രൂരതകൾക്ക് ഇരകളായത്. സൗഹൃദം നടിച്ച് യുവാക്കളെ വീട്ടിലെത്തിച്ചായിരുന്നു ക്രൂരമർദ്ദനം.
വീട്ടിലെത്തിച്ച ശേഷം ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടും പോലെ അഭിനയിക്കാൻ ജയേഷ് നിർബന്ധിച്ചു. ഈ രംഗങ്ങൾ ചിത്രീകരിച്ച് ഫോണിൽ സൂക്ഷിച്ചു. പിന്നീട് കയർ കൊണ്ടുവന്ന് കെട്ടിത്തൂക്കി, വാ മൂടി ക്രൂരമർദ്ദനം. സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ സ്റ്റേപ്ലർ അടിച്ചു. മുളക് സ്പ്രേ പ്രയോഗം. നഖത്തിനിടയിൽ മൊട്ടുസൂചി കയറ്റി. ഇരു യുവാക്കളും രശ്മിയുമായി സെക്സ് ചാറ്റ് ചെയ്തിരുന്നെന്നാണ് വിവരം. ഇത് ജയേഷ് മനസ്സിലാക്കി. പിന്നീട് ദമ്പതികൾ യുവാക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. റോഡിലുപേക്ഷിച്ച റാന്നി സ്വദേശിയെ ഓട്ടോറിക്ഷാ തൊഴിലാളികളാണ് ആശുപത്രിയിലെത്തിച്ചത്. നാണക്കേട് കാരണം എന്താണ് സംഭവിച്ചതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞില്ല. സംശയം തോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ പിടിയിലായത്. കൂടുതൽ പേരെ പീഡനത്തിന് ഇരയാക്കിയോ എന്നും ആഭിചാരക്രിയകൾ ചെയതോ എന്ന് പരിശോധിക്കും.
STORY HIGHLIGHT : Special investigation team formed in Pathanamthitta honey trap case
















