യുഎഇയിൽ പുറം ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന ഉച്ചവിശ്രമ സമയം അവസാനിക്കുന്നു. നാളെ മുതൽ ജോലി സമയം പഴയ രീതിയിൽ ക്രമീകരിക്കും. ഇനിമുതൽ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയായിരിക്കും തൊഴിലാളികളുടെ ജോലി സമയമെന്ന് മാനവ വിഭശേഷി സ്വദേശി വത്ക്കരണ മന്ത്രാലയം അറിയിച്ചു.
ഇപ്പോൾ വേനൽ ചൂടിന് നേരിയ ശമനം വന്നതിന് പിന്നാലെയാണ് വീണ്ടും ജോലി സമയം പഴയ രീതിയിൽ പുനക്രമീകരിക്കുന്നത്.
രാജ്യത്തെ 99 ശതമാനം കമ്പനികളും നിർദേശങ്ങൾ കൃത്യമായി പാലിച്ചതായി മന്ത്രാലയം വ്യക്തമാക്കി. കമ്പനികൾ നിയമം പാലിക്കുന്നണ്ടെന്ന് ഉറപ്പാക്കാൻ 1,34,000 പരിശോധനകളാണ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയത്.
51 നിയമ ലംഘനങ്ങൾ മാത്രമാണ് കണ്ടെത്തിയതന്നും മാനവിഭവശേഷി സ്വദേശി വത്ക്കരണ മന്ത്രാലയം അറിയിച്ചു.
തുടർച്ചയായി 20-ാം വർഷമാണ് യുഎഇയിൽ തൊഴിലാളികൾക്ക് മധ്യാഹ്ന വിശ്രമം അനുവദിച്ചത്. കടുത്ത വേനൽക്കാലത്ത് തൊഴിലാളികളെ ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിനായാണ് ഉച്ചസമയത്ത് ജോലിക്ക് ഇടവേള നൽകിയിരുന്നത്.
വേനൽ ശക്തമായതിന് പിന്നാലെ ജുൺ 15 മുതലാണ് യുഎഇയിൽ ഉച്ചവിശ്രമ സമയം തുടങ്ങിയത്. 12.30 മുതൽ മൂന്ന് മണി വരെയായിരുന്നു ഇടവേള.
















